ഹൈദരാബാദ്: ഹൈദരാബാദിൽ ഹോസ്റ്റൽ ശുചിമുറിയിൽ 19കാരി നവജാത ശിശുവിന് ജന്മം നൽകിയ ശേഷം കുഞ്ഞിനെ രണ്ടാം നിലയിൽ നിന്ന് എറിഞ്ഞ് കൊന്നു. സർക്കാർ റെസിഡൻഷ്യൽ കോളേജിന്റെ ഹോസ്റ്റലിലാണ് സംഭവം. 19കാരിയായ വിദ്യാർത്ഥിനി ആണ് ഹോസ്റ്റൽ ശുചിമുറിയിൽ കുഞ്ഞിന് ജൻമം നൽകിയതെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെ ബക്കറ്റിലിട്ട് കുഞ്ഞിനെ പുറത്തെത്തിച്ച ശേഷം വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയുടെ ജനാലയിലൂടെ കുഞ്ഞിനെ പുറത്തേക്കെറിയുകയായിരുന്നു. ഗോൽക്കൊണ്ടയിലെ തെലുങ്കാന മൈനോരിറ്റി റെസിഡൻഷ്യൻ ജൂനിയർ കോളേജിലെ ഇന്റർമീഡിയേറ്റ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് പെൺകുട്ടി.
അതേസമയം ചൊവ്വാഴ്ച കോളേജിലെത്തിയ പ്രിൻസിപ്പൽ, ഓഫീസിന്റെ ജനാല തുറന്നപ്പോഴാണ് അടുത്തുള്ള സർക്കാർ ഡിസ്‌പെൻസറിയുടെ മേൽക്കൂരയിൽ നവജാതശിശുവിനെ ചലനമറ്റ നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ സിസിടിവി പരിശോധിച്ചതിൽ നിന്നാണ് അന്വേഷണം 19 കാരിയിലേക്കെത്തുന്നത്.
പോലീസിന്റെ ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റസമ്മതം നടത്തി. താൻ ഗർഭിണി ആയിരുന്നുവെന്നും പുലർച്ചെ 4.30ഓടെ ശുചിമുറിയിൽ കുഞ്ഞിന് ജൻമം നൽകുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. പിന്നാലെ നവജാതശിശുവിനെ ബക്കറ്റിലിട്ട് റൂമിൽ കൊണ്ടുവരികയും മുറിയുടെ ജനാലയിലൂടെ പുറത്തേക്കെറിയുകയായിരുന്നു എന്നുമാണ് പെൺകുട്ടി പറഞ്ഞത്. അതേസമയം കുഞ്ഞിന് തലയിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതാകാം മരണകാരണമെന്ന് കരുതപ്പെടുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 103(1), 238 പ്രകാരം കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും പെൺകുട്ടിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പെൺകുട്ടി തന്റെ 22കാരനായ കസിൻ രാജ്കുമാറുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാളിൽ നിന്നാണ് ഗർഭിണിയായതെന്നുമാണ് പോലീസ് കണ്ടെത്തൽ. പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതിന് പിന്നാലെ ഇയാൾ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു. കൂടാതെ ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിനെ കൊല്ലാനുള്ള ശ്രമവും പലതവണയായി ഇയാൾ നടത്തിയെന്നും ഗോൽക്കൊണ്ട എസ്എച്ച്ഒ പി സൈദുളു പറഞ്ഞു.
അതേസമയംപ്രസവത്തിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായ പെൺകുട്ടി നിലവിൽ ചികിത്സയിലാണ്. വിദ്യാർത്ഥിനി ആശുപത്രി വിട്ടതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കും.
















































