മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ നീറ്റ് -യു.ജി പുനഃപരീക്ഷക്ക് പിന്നാലെ 18കാരനായ വിദ്യാർഥി ആത്മഹത്യ ചെയ്തു.സൂശീൽ ധാഗെയാണ് ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് തൊട്ടുമുമ്പ് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോയിൽ മാതാപിതാക്കളോട് കൈകൂപ്പി ക്ഷമ ചോദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷ, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതിനാൽ ജൂൺ 21ന് പുനഃപരീക്ഷ നടത്തിയിരുന്നു.
സുശീൽ ധാഗെ പുനഃപരീക്ഷ എഴുതിയെങ്കിലും അതിൽ പരാജയപ്പെടുമെന്ന ഭീതിയിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പരീക്ഷ ബുദ്ധിമുട്ടായിരുന്നതിനാൽ വിദ്യാർഥി മാനസിക സമ്മർദ്ദത്തിലായിരുന്നു. തുടർന്ന് അമ്മക്ക് വിഡിയോ സന്ദേശം അയച്ചതിന് പിന്നാലെ വിദ്യാർഥി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു -പൊലീസ് പറഞ്ഞു. ‘അമ്മേ, ഇന്ന് ഞാൻ എന്റെ ജീവനെടുക്കാൻ പോകുന്നു. അമ്മ ദയവായി വിഷമിക്കരുത്. എന്റെ അടുത്ത ജന്മത്തിൽ ഞാൻ വീണ്ടും നിങ്ങളുടെ ഗർഭപാത്രത്തിൽ ജനിക്കും. അന്ന് ഞാൻ നിങ്ങൾക്ക് വേദന ഉണ്ടാക്കില്ല’ -വിദ്യാർഥി വിഡിയോയിൽ പറയുന്നു.
കൂടാതെ സഹോദരനെ നന്നായി നോക്കണമെന്നും തന്നോട് ക്ഷമിക്കണമെന്നും വിദ്യാർഥി വിഡിയോയിൽ ആവർത്തിച്ചു. തുടർന്ന് സന്ദേശം അമ്മക്ക് അയച്ചശേഷം സുശീൽ ധാഗെ കിണറ്റിൽ ചാടുകയായിരുന്നു.















































