തിരുവനന്തപുരം: കോർപറേഷൻ ഭരണത്തെ ബി.ജെ.പി പൂർണമായി സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഭരണഘടന ലംഘനവും ക്രിമിനൽ സംരക്ഷണവും നടത്തുന്ന ബിജെപിക്ക് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല. വികസന രംഗത്ത് തലസ്ഥാന നഗരിയെ ദശാബ്ദങ്ങൾ പിന്നോട്ടടിച്ച ബി.ജെ.പി ഭരണസമിതിക്ക് അധികാരത്തിൽ തുടരാൻ യാതൊരു ധാർമിക അവകാശവുമില്ല.
ഭരണപരാജയത്തിന്റെ ഉത്തരവാദിത്തമേറ്റ് മേയർ രാജിവെക്കണം. സ്വന്തം രാഷ്ട്രീയ അജണ്ടക്കനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പിയുടെ ഡെപ്യൂട്ടി മേയർ ഉൾപ്പെടെ 20 കൗൺസിലർമാരുടെ നടപടിക്ക് ഹൈക്കോടതിയിൽ നിന്ന് ലഭിച്ച കനത്ത പ്രഹരം ജനവഞ്ചനക്കുള്ള തെളിവാണ്.
നിയമവും ഭരണഘടനയും തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി എങ്ങനെ വളച്ചൊടിക്കാം എന്നാണ് ബി.ജെ.പി കാണിച്ചുതരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

















































