വാഷിങ്ടൻ∙ ഭർത്താവ് മതം മാറാൻ നിർബന്ധിച്ചോ എന്ന ചോദ്യത്തിന് മറുപടിയുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്‍റെ ഭാര്യ ഉഷ വാൻസ്. ഹിന്ദു മത വിശ്വാസിയായ ഉഷ ക്രിസ്ത്യൻ മതം സ്വീകരിക്കാൻ ഭർത്താവ് ജെ.ഡി വാൻസ് ആഗ്രഹിച്ചിരുന്നു എന്ന തരത്തിൽ മാസങ്ങളായി ഉയരുന്ന അഭ്യൂഹങ്ങൾക്ക് അവസാനമിട്ടാണ് ഉഷയുടെ പ്രതികരണം.
”തെക്കൻ കാലിഫോർണിയയിലെ ഒരു ഇന്ത്യൻ കുടിയേറ്റ കുടുംബത്തിൽ തികച്ചും സമാധാനപരവും സുരക്ഷിതവുമായ സാഹചര്യത്തിലാണ് താൻ വളർന്നത്. അതുകൊണ്ടുതന്നെ നിലവിലുള്ള മതത്തിൽ നിന്നും മാറണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. അദ്ദേഹം ക്രിസ്തുമത വിശ്വാസിയായതു കൊണ്ടാവും ആളുകൾ അങ്ങനെ തെറ്റിദ്ധരിച്ചത്. സ്വന്തം മതം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതിനർത്ഥം അദ്ദേഹം എല്ലാ ദിവസവും എന്നോട് മതം മാറാൻ ആവശ്യപ്പെടാറുണ്ട് എന്നല്ല,” ഉഷ വ്യക്തമാക്കി.
സിബിഎസ് സൺഡേ മോർണിങ്ങിന് നൽകിയ അഭിമുഖത്തിലാണ് ഉഷയുടെ പ്രതികരണം. ജെ ഡി വാൻസിന്റെ ‘കമ്മ്യൂണിയൻ: ഫൈൻഡിങ് മൈ വേ ബാക്ക് ടു ഫെയ്ത്ത്’ എന്ന പുസ്തകം വലിയ ചർച്ചയായിരുന്നു. ജെ ഡി വാൻസ് ക്രിസ്തുമത വിശ്വാസത്തിലേക്ക് എത്തിയതിനെക്കുറിച്ചും മതം അദ്ദേഹത്തിന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ സ്വാധീനിച്ചതിനെക്കുറിച്ചും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.















































