മാവേലിക്കര: യുഡിഎഫ് മണ്ഡലം കമ്മിറ്റി ഫേസ്ബുക്കിലൂടെ ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയുമായി മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ. “എംഎൽഎ പാർട്ടി മാറിയോ?” എന്ന യുഡിഎഫിന്റെ ചോദ്യത്തിനാണ് വികസന വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും നാടിന്റെ ആവശ്യങ്ങൾക്കായി ഇനിയും സർക്കാരിനെ സമീപിക്കുമെന്നും വ്യക്തമാക്കി എംഎൽഎ രംഗത്തെത്തിയത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
കേരളത്തിലെ നിലവിലെ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരെ കോൺഗ്രസിന്റെ മാത്രം മന്ത്രിമാരായല്ല, മറിച്ച് കേരളത്തിന്റെ പൊതുവായ മന്ത്രിമാരായാണ് താൻ കാണുന്നതെന്ന് എംഎൽഎ ഓർമ്മിപ്പിച്ചു. ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും, മാവേലിക്കരയിലെ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകാൻ നിലവിലെ സർക്കാരിന്റെ ശ്രദ്ധ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതിന് വേണ്ടിയാണ് മന്ത്രിമാരെ കാണുന്നതും ജനങ്ങളുടെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതുമെന്നും, അത് തന്റെ കടമയാണെന്നും എം.എസ്. അരുൺകുമാർ വ്യക്തമാക്കി.
വികസന കാര്യങ്ങളിൽ ഒരിടത്തും രാഷ്ട്രീയ വിവേചനം കാണിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ എംഎൽഎ, കഴിഞ്ഞ അഞ്ച് വർഷത്തെ ചില അനുഭവങ്ങളും പങ്കുവെച്ചു. യുഡിഎഫ് ഭരണസമിതികൾ നേതൃത്വം നൽകിയ മാവേലിക്കര മുനിസിപ്പാലിറ്റിയിലും താമരക്കുളം പഞ്ചായത്തിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന പ്രദേശങ്ങളാണെന്ന കാരണത്താൽ എംഎൽഎ ഫണ്ടോ സർക്കാർ ഫണ്ടോ തടഞ്ഞുവെച്ചിട്ടില്ലെന്നും, ഇക്കാര്യം സംശയമുള്ളവർക്ക് അവിടുത്തെ ജനപ്രതിനിധികളോടോ നാട്ടുകാരോടോ അന്വേഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാവേലിക്കരയുടെ എല്ലാ ഭാഗങ്ങളിലും വികസനം എത്തിക്കാൻ തന്റെ പാർട്ടിയും ഇടതുപക്ഷവും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും, സങ്കുചിത രാഷ്ട്രീയ സമീപനം സ്വീകരിച്ചിട്ടില്ലെന്നും എംഎൽഎ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
“സർക്കാരുകൾ മാറിയേക്കാം, തെരഞ്ഞെടുപ്പിൽ ജയിച്ചു വരുന്ന രാഷ്ട്രീയകക്ഷികളുടെ നയങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ നാടിന്റെ വികസനം നിലയ്ക്കരുത്. മാവേലിക്കരയുടെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാനും, തുടങ്ങി വെച്ചവ പൂർത്തീകരിക്കാനും ഇനിയും ഞാൻ മന്ത്രിമാരെ കാണും. അതിൽ ആർക്കും ഒരു സംശയവും വേണ്ട.” – എം.എസ്. അരുൺകുമാർ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, ചില പ്രധാന പദ്ധതികൾ ഇപ്പോൾ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. അവ യാഥാർഥ്യമാക്കാൻ പുതിയ സർക്കാരിന്റെ പിന്തുണ ആവശ്യമാണ് എന്നും എംഎൽഎ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ വിമർശനങ്ങൾ തുടർന്നേക്കാമെങ്കിലും, കക്ഷി രാഷ്ട്രീയ ഭേദമന്യേ മാവേലിക്കരയിലെ ജനങ്ങൾക്കൊപ്പം താൻ തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. “വികസനമാണ് ലക്ഷ്യം, ജനങ്ങളാണ് കരുത്ത്” എന്ന വാചകത്തോടെയാണ് എംഎൽഎ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.















































