കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് നാടൻ ചാരായം കണ്ടെത്തി. വിദ്യാർത്ഥികളുടെ ബാഗ് പരിശോധിക്കുന്നതിനിടെയാണ് വാട്ടർ ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ ചാരായം കണ്ടെത്തിയത്.
സ്കൂളിലെ ചില വിദ്യാർത്ഥികൾ മദ്യപിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് അധ്യാപകർ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഒരു വിദ്യാർത്ഥിയുടെ ബാഗിലുണ്ടായിരുന്ന വാട്ടർ ബോട്ടിലിൽ നാടൻ ചാരായം കണ്ടെത്തുകയായിരുന്നു.
തുടർന്ന് അധ്യാപകർ വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോൾ, സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിയാണ് ചാരായം എത്തിച്ചുനൽകിയതെന്ന് കുട്ടി മൊഴി നൽകിയതായി വിവരമുണ്ട്. മറ്റ് ചില വിദ്യാർത്ഥികൾക്കും സമാന രീതിയിൽ ചാരായം വിതരണം ചെയ്തിട്ടുണ്ടെന്ന സൂചനയും അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അധ്യാപകർ ഉടൻ പൊലീസിനെ വിവരം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
















































