കൊട്ടാരക്കര: നിലേശ്വരത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ അപകടത്തിന് കാരണം ഗുരുതര നിയമലംഘനങ്ങളാണെന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ആർടിഒ. അപകടത്തിൽപ്പെട്ട ടിപ്പറിന്റെ ജിപിഎസ് സംവിധാനം വിച്ഛേദിച്ച നിലയിലായിരുന്നുവെന്നും വാഹനത്തിന് 17 വർഷം പഴക്കമുണ്ടെന്നും ആർടിഒ വ്യക്തമാക്കി.
അപകടമുണ്ടാക്കിയ ടിപ്പർ ഓടിച്ചിരുന്ന നിസാമിന് ടിപ്പർ വാഹനം ഓടിക്കുന്നതിനാവശ്യമായ ഹെവി ലൈസൻസ് ഉണ്ടായിരുന്നില്ല.വിദേശത്തായിരുന്ന നിസാം ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. സമയം ലാഭിക്കുന്നതിനായാണ് ടിപ്പർ അമിതവേഗത്തിൽ ഓടിച്ചതെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി ആർടിഒ അറിയിച്ചു.
അപകടത്തെ തുടർന്ന് വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ വാഹനത്തിനെതിരെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. മുൻപും നിരവധി തവണ നിയമലംഘനങ്ങളുടെ പേരിൽ ഈ വാഹനം പിടിയിലായിട്ടുണ്ടെന്നും ആർടിഒ വ്യക്തമാക്കി.
മണ്ണ് കയറ്റിവന്ന ടിപ്പർ ബസ് സ്റ്റോപ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. കുടവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാർ എന്നിവർ മരിച്ചു.
ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാമിനും അപകടത്തിൽ പരിക്കേറ്റു.













































