‘അമ്മ’യിലുണ്ടായ പൊട്ടിത്തെറിയിൽ പ്രതികരണവുമായി നടി മല്ലികാ സുകുമാരൻ. ശ്വേതയല്ല, മറിച്ച് ജനറൽ സെക്രട്ടറിയും ട്രഷററുമാണ് രാജിവെക്കേണ്ടതെന്ന് പറഞ്ഞ മല്ലികാ സുകുമാരൻ, ‘അമ്മ’ ഭരണസമിതിക്ക് ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും പറഞ്ഞു. വാർഷിക റിപ്പോർട്ടും കണക്കും പാസാക്കാൻ കഴിഞ്ഞില്ല. അതിന്റെ കുറ്റബോധം ശ്വേതയ്ക്കുണ്ട്. ഒരുപാട് ആരോപണങ്ങൾ വന്നപ്പോൾ, ചെയ്യാത്ത തെറ്റിന് താൻ പഴി കേൾക്കുന്നു എന്ന തോന്നലിൽ വൈകാരികമായി എടുത്ത തീരുമാനമാണ് ശ്വേതയുടെ രാജി. ജനറൽ സെക്രട്ടറിയും ട്രഷററുമാണ് രാജിവെക്കേണ്ടിയിരുന്നത്.
അവര് മിണ്ടാതിരുന്നപ്പൊ ‘ഞാനായിട്ട് ഒട്ടിപ്പിടിച്ചിരിക്കേണ്ടെ’ന്ന് ശ്വേതയ്ക്ക് തോന്നിക്കാണും. ചില കാര്യങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ കഴിയാതെയാണ് ശ്വേത രാജിവെച്ചത് -മല്ലികാ സുകുമാരൻ പറഞ്ഞു. ശ്വേതയ്ക്കുപരി മറ്റുള്ളവരായിരുന്നു തങ്ങൾക്ക് തെറ്റ് പറ്റി, ക്ഷമിക്കണമെന്ന് പറഞ്ഞ് രാജിവെക്കേണ്ടിയിരുന്നത്. അവരാരും അത് ചെയ്തില്ല. അതുകൊണ്ട് ശ്വേത ചെയ്തു. എന്ത് ചെയ്യാൻ കഴിയും? ഭരണസമിതിക്ക് ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട്. അഡ്‌ഹോക് കമ്മിറ്റിയിൽ ആരെല്ലാമാണെന്ന് അറിയില്ല -മല്ലികാ സുകുമാരൻ തുടർന്നു.
കാര്യങ്ങൾ പഠിച്ച് സംസാരിക്കുന്ന, വിവരമുള്ള, ചലച്ചിത്രലോകത്തെ കുറിച്ച് ആധികാരികമായി നല്ലഭാഷയിൽ സംസാരിക്കാൻ കഴിയുന്നവർ ഭരണസമിതിയിൽ വരണം. അങ്ങനെയുള്ള പെണ്ണുങ്ങൾ കുറവാണ്. ഇല്ല എന്നുതന്നെ പറയാം. ചെറുപ്പക്കാരാണ് വരേണ്ടത്. ആര് നയിക്കണമെന്ന് മുതിർന്ന നടന്മാരാണ് തീരുമാനിക്കേണ്ടത്. അവർ മൗനം പാലിച്ചിട്ട് കാര്യമില്ല. പാവപ്പെട്ട കലാകാരന്മാർക്ക് ആനുകൂല്യങ്ങൾ കിട്ടണമെങ്കിൽ ഈ സംഘടന നന്നായി നയിക്കപ്പെടണം. നന്നായി നയിക്കുന്നവരോട് ശത്രുതാ മനോഭാവം വെച്ച് പുലർത്തുന്ന പെണ്ണുങ്ങളെ ഏഴയലത്ത് അടുപ്പിക്കരുത് -മല്ലികാ സുകുമാരൻ പറഞ്ഞു.














































