ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് എംപി ശശി തരൂർ. സംഘർഷ മേഖലകളിലെ ഇന്ത്യൻ നാവികരെ സംബന്ധിച്ച് നരേന്ദ്ര മോദി പ്രകടമാക്കിയ നിലപാടിനാണ് ശശി തരൂർ പിന്തുണ അറിയിച്ചത്. ഇത് ബിജെപി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള പുതിയ ആയുധമാക്കി. തരൂർ പ്രധാനമന്ത്രിയെ പുകഴ്ത്തുന്നത് രാഹുൽ ഗാന്ധിക്കുള്ള കനത്ത തിരിച്ചടിയാണെന്നും സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ തരൂരിന്റെ പരാമർശം ദുർബലപ്പെടുത്തിയെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികർക്ക് പ്രത്യേക പരിരക്ഷ നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വനത്തിനാണ് തരൂർ പിന്തുണച്ചത്. വാണിജ്യ കപ്പലുകളിലെ ജീവനക്കാരെ യുദ്ധത്തിൽ പോരാളികളായി കണക്കാക്കരുതെന്ന മോദിയുടെ പ്രസ്താവന ശരിയാണെന്നും തരൂർ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചും പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ചും സംസാരിക്കവെയാണ് തരൂർ, സായുധ സംഘട്ടനങ്ങളിൽ വാണിജ്യ കപ്പലുകളിലെ സിവിലിയൻ നാവികരെ പോരാളികളായി (combatants) കണക്കാക്കരുതെന്ന മോദിയുടെ വാദം ശരിയാണെന്ന് പറഞ്ഞത്.
‘ഇന്ത്യൻ നാവികരുടെ കാര്യത്തിൽ, പരസ്യമായ പ്രസംഗത്തിലും സ്വകാര്യമായും പ്രധാനമന്ത്രി തന്റെ നിലപാട് ശക്തമായി അവതരിപ്പിച്ചു. വിവിധ കപ്പലുകളിൽ നമുക്ക് നാവികരുണ്ടെന്ന കാര്യം മനസ്സിലാക്കണം. അത് ഒരു ഇന്ത്യൻ കപ്പലായിരുന്നില്ലെങ്കിലും, മറ്റ് രാജ്യങ്ങളുടെ പതാകയുള്ള കപ്പലുകളിലും ധാരാളം ഇന്ത്യൻ ക്രൂ അംഗങ്ങളും നാവികരുമുണ്ട്. വാണിജ്യ കപ്പൽ ഗതാഗതത്തിൽ ഏർപ്പെടുന്ന സിവിലിയന്മാരായിരിക്കുന്നിടത്തോളം കാലം അവരെ യുദ്ധത്തിലെ പോരാളികളെപ്പോലെ കാണരുത്.’ തരൂർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഇന്ത്യൻ പൗരന്മാരുടെ മരണത്തിൽ സർക്കാർ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് മോദിയെ പ്രശംസിച്ച് തരൂർ പ്രസ്താവനയിറക്കിയത്.
സംഘർഷ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന വെടിനിർത്തൽ ശ്രമങ്ങൾ ശാശ്വതമായ സമാധാനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനൊപ്പം, ‘മോദി പറഞ്ഞത് ശരിയാണ്. നാവികരെ യുദ്ധ ആക്രമണങ്ങളിൽ നിന്ന് ഒഴിവാക്കണം,’ എന്നും തരൂർ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷ മേഖലയിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട വിഷയത്തിൽ മോദി സർക്കാരിനെതിരെ ആക്രമണം നടത്തുകയും പ്രധാനമന്ത്രിയുടെ പ്രതികരണത്തെ ചോദ്യം ചെയ്യുകയും ചെയ്ത കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമാണ് തരൂരിന്റെ ഈ പ്രസ്താവന.
പ്രതിപക്ഷ നേതാക്കളുടെ നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് കോൺഗ്രസിനുള്ളിലെ ഭിന്നതകൾ ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ കടന്നാക്രമണം. ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല എക്സിൽ പങ്കുവെച്ച കുറിപ്പിൽ, തരൂരിന്റെ വാക്കുകൾ രാഹുൽ ഗാന്ധിക്കുള്ള ‘ജന്മദിന സമ്മാനം’ ആണെന്നും അത് രാഹുലിന്റെ ‘വ്യാജ ആഖ്യാനത്തെ’ തകർത്തുവെന്നുമാണ് അഭിപ്രായപ്പെട്ടത്.
‘ഇന്നലെ രാഹുൽ ഗാന്ധിയുടെ ജന്മദിനമായിരുന്നു. ശശി തരൂർ എംപി ഒരിക്കൽ കൂടി അദ്ദേഹത്തിന്റെ വ്യാജ ആഖ്യാനം തകർത്ത് ജന്മദിന സമ്മാനമായി നൽകിയിരിക്കുന്നു.’ പൂനവാല എഴുതി. മോദിയെ ഉൾക്കാഴ്ച്ചയുള്ള വ്യക്തി, കർമ്മശൂരൻ, മഹാനായ പ്രാസംഗികൻ എന്നിങ്ങനെ തരൂർ മുമ്പ് പ്രശംസിച്ച കാര്യങ്ങളും പൂനവാല ചൂണ്ടിക്കാട്ടി. ‘രാഹുൽ ഗാന്ധി അദ്ദേഹത്തെ പുറത്താക്കില്ലെന്ന് കരുതുന്നു!’ അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ 2029-ലെ തിരഞ്ഞെടുപ്പും പൊതുജനപിന്തുണയും നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ‘റിയൽ നേതാവല്ല’ (real leader) വെറുമൊരു ‘റീൽ നേതാവ്’ (reel leader) മാത്രമായി മാറിയെന്നും പൂനവാല പരിഹസിച്ചു. ദേശീയ താത്പര്യമുള്ള വിഷയങ്ങളിൽ തരൂരും രാഹുലും തമ്മിലുള്ള വൈരുദ്ധ്യം ഈ പരാമർശങ്ങൾ തുറന്നുകാട്ടുന്നുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയും അഭിപ്രായപ്പെട്ടു.
‘രാഹുൽ ഗാന്ധിയെ ശശി തരൂർ തുറന്നുകാട്ടുന്നു. കോൺഗ്രസ് നേതാവ് നരേന്ദ്ര മോദിയുടെ നയതന്ത്രത്തെ പ്രശംസിക്കുന്നു. ഇന്ത്യയുടെ ദേശീയ താത്പര്യം സംരക്ഷിക്കുന്ന കാര്യത്തിൽ മോദി ഒന്നാമതാണ്; എന്നാൽ ഇന്ത്യയുടെ ദേശീയ താത്പര്യത്തിന് വിരുദ്ധമായി സംസാരിക്കുമ്പോൾ രാഹുൽ ഗാന്ധി എല്ലാവരെയും പിന്നിലാക്കുന്നു.’ ഭണ്ഡാരി ‘എക്സി’ൽ കുറിച്ചു. ഈ വിഷയത്തിൽ കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.















































