തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിനെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ധാരാളം പദ്ധതികളുണ്ടെങ്കിലും പണമില്ലെന്നാണ് മാധ്യമങ്ങൾപ്പോലും പറയുന്നത്. ഇതൊന്നും ഈവർഷം നടപ്പിലാക്കാൻ കഴിയുന്നതല്ല.
കടലാസിലാണ് പദ്ധതികൾ. കല്ലിടാനേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സമുദ്രതീരം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങി ആകാശവും ഭൂമിയും വെള്ളവുമെല്ലാം സ്വകാര്യവത്കരണ പ്രക്രിയയ്ക്ക് വിധേയപ്പെടുത്തുകയാണ്. സ്വകാര്യ മൂലധനത്തെ പൂർണമായും ആശ്രയിക്കാതെ കേരളം എങ്ങനെയാണ് വളരുക എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്ത് പോയതുമായി ബന്ധപ്പെട്ട് ചർച്ച ഉയർന്നപ്പോൾ അതെന്തിനായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ആദ്യം ധവളപത്രത്തിലൂടെയും ഇപ്പോൾ ബജറ്റ് പ്രസംഗത്തിലൂടെയും കൂടുതൽ വ്യക്തമായെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇതെല്ലാം സ്വകാര്യവത്കരണത്തിലൂടെ അദാനിക്ക് വിൽക്കാനുള്ളതാണ്. ബജറ്റിന്റെ സൂക്ഷ്മാംശം പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത് അതാണെന്നും അദ്ദേഹം അറിയിച്ചു.













































