മിലാൻ: ജി 7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി തന്നോടൊപ്പം ഫോട്ടോയെടുക്കാൻ കെഞ്ചിയെന്ന വാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറ്റാലിയൻ ടെലിവിഷൻ ബ്രോഡ്കാസ്റ്റർ ലാ7 ന് നൽകിയ അഭിമുഖത്തിനിടെയാണ് ട്രംപിന്റെ വിവാദ പരാമർശങ്ങളെത്തിയത്. പിന്നാലെ ട്രംപിന്റെ അവകാശവാദം പൂർണമായും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കി ജോർജ മെലോനി രംഗത്തെത്തി. ഇറ്റാലിയൻ മാധ്യമത്തോട് സംസാരിക്കുമ്പോഴാണ് തനിക്ക് മെലോനിയോട് സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും താൻ സംസാരിച്ചതിൽ അവർ സന്തോഷിക്കുന്നുണ്ടാകുമെന്നും ട്രംപ് പറഞ്ഞത്.
മെലോനിക്ക് തന്നോടൊപ്പം ഫോട്ടോയെടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. താൻ ഫോട്ടോ എടുക്കുമായിരുന്നില്ല. അവരോട് പാവം തോന്നിയതുകൊണ്ടാണ് ഫോട്ടോ എടുത്തതെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. മെലോണി? അവൾ എന്നോട് ഒരു ഫോട്ടോയ്ക്കായി യാചിച്ചു; എനിക്ക് അവളോട് സഹതാപം തോന്നി- ട്രംപ് വെളിപ്പെടുത്തി, അതേസമയം ഈ പരാമർശങ്ങളെ മെലോനി തള്ളിക്കളഞ്ഞു. ട്രംപിന്റെ വാക്കുകൾ തന്നെ അദ്ഭുതപ്പെടുത്തിയെന്ന് അവർ പറഞ്ഞു. സഖ്യകക്ഷികൾക്കെതിരെ ട്രംപ് ഇത്തരത്തിൽ അപമാനകരമായ പരാമർശങ്ങൾ നടത്തുന്നത് ഇതാദ്യമായല്ലെന്നും അവർ എക്സിൽ കുറിച്ചു. പാശ്ചാത്യ രാജ്യങ്ങളുടേയും യുഎസിന്റേയും ശത്രുക്കളോടു ട്രംപ് ഇതേ ദൃഢത കാണിക്കാത്തത് കഷ്ടമാണ്. താനോ ഇറ്റലിയോ ഒരിക്കലും കെഞ്ചാറില്ലെന്നും അവർ പറഞ്ഞു.
“ട്രംപിന്റെ കെട്ടിച്ചമച്ച വാക്കുകളിൽ ഞാൻ ഞെട്ടിപ്പോയി, ട്രംപിന്റെ സംഭവങ്ങളുടെ പതിപ്പ് പൂർണ്ണമായും അസത്യമാണ്. ചില കാര്യങ്ങൾക്ക് ഉടനടി മറുപടി ആവശ്യമാണ്. ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണ്. ഞാൻ സത്യസന്ധമായി അമ്പരന്നു. അമേരിക്കൻ പ്രസിഡന്റ് സ്വന്തം സഖ്യകക്ഷികളോട് ഇങ്ങനെ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എല്ലാത്തിനുമുപരി, ഇത് സംഭവിക്കുന്നത് ഇതാദ്യമല്ല.”
അതേസമയം അന്താരാഷ്ട്ര നയതന്ത്രത്തോടുള്ള ട്രംപിന്റെ സമീപനത്തെയും മെലോണി വിമർശിച്ചു, “പാശ്ചാത്യരുടെ ശത്രുക്കളോടും, അമേരിക്കയുടെ ശത്രുക്കളോടും, അദ്ദേഹം കൂടുതൽ ഇണങ്ങിച്ചേരുന്ന നേതൃത്വങ്ങളോടും അതേ ദൃഢനിശ്ചയം കാണിക്കാത്തത് ലജ്ജാകരമാണെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ.” ഇറ്റലിയുടെ ദേശീയ അഭിമാനത്തെ ഊന്നിപ്പറയുന്ന ഒരു സന്ദേശത്തോടെയാണ് അവർ തന്റെ പ്രസ്താവന അവസാനിപ്പിച്ചത്. “അദ്ദേഹം ഓർമ്മിക്കേണ്ട ഒരു കാര്യമുണ്ട്: ഇറ്റലിയും ഞാനും ഒരിക്കലും യാചിക്കില്ല.”
ട്രംപിന്റെ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ആന്റോണിയോ താജാനി യുഎസ് സന്ദർശനം റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. മെലോനിക്കെതിരായ ട്രംപിന്റെ അപമാനകരമായ വാക്കുകൾ ഇറ്റലിയെ മുഴുവൻ അപമാനിക്കുന്നതാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇറ്റലിയുടെ പ്രതിരോധ മന്ത്രി ഗ്വിഡോ ക്രോസെറ്റോയും ട്രംപിന്റെ അവകാശവാദങ്ങളെ ശക്തമായി വിമർശിച്ചു. ഭീഷണിയുടെ കീഴിലാണെങ്കിൽ പോലും മെലോനി ഒരു ഫോട്ടോയ്ക്കായി ആരോടെങ്കിലും കെഞ്ചുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ലിയോ മാർപ്പാപ്പയ്ക്കെതിരെ ട്രംപ് നടത്തിയ പരാമർശങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. ഇറാൻ സംഘർഷത്തെ അപലപിച്ച ലിയോ മാർപ്പാപ്പയെ ട്രംപ് വിമർശിച്ചതിനെ മെലോനി ഈ വർഷം ആദ്യം ചോദ്യം ചെയ്തിരുന്നു. ഇത് യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചു. മെലോനിക്കു ധൈര്യമില്ലെന്ന് അദ്ദേഹം പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.















































