സലിം കുമാറിന് അവസാന യാത്രാമൊഴി നൽകാനെത്തിയപ്പോൾ ടിനിം ടോം പൊട്ടിക്കരഞ്ഞത് ട്രോളുകൾക്കും പരിഹാസങ്ങൾക്കും കാരണമായി. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ടിനി ടോം. താനും സലിം കുമാറും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാത്തവരാണ് തന്നെ ട്രോളുന്നതെന്ന് ടിനിം ടോം വ്യക്തമാക്കി.
താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദത്തിൽപോലും ജനറൽ ബോഡി യോഗത്തിൽ വന്ന് തനിക്കുവേണ്ടി സംസാരിക്കാനിരുന്ന ആളാണ് അദ്ദേഹമെന്നും ടിനി ടോം വ്യക്തമാക്കി. ‘സലിയപ്പനെ കുറിച്ചുള്ള ഓർമകൾ എല്ലാവർക്കും പങ്കുവെയ്ക്കാനുണ്ടാകും. എന്റെ ചില ഓർമകൾ മാത്രം പങ്കുവെച്ച് തത്ക്കാലത്തേക്ക് വിട പറയുകയാണ്. ഞാനും ഒരു നോർത്ത് പറവൂരുകാരൻ തന്നെയാണ്. അദ്ദേഹത്തെ ചിതയിലേക്ക് എടുത്തുവെയ്ക്കുമ്പോൾ എനിക്ക് പിടിച്ചുനിൽക്കാനായില്ല.
നാദിർഷിക്കയുടെ അടുത്തുനിന്ന് ഞാൻ പൊട്ടിക്കരഞ്ഞു. ഇത് പലരും ട്രോളി. കോളേജിൽ എന്നേക്കാൾ ജൂനിയറായിരുന്നു സലീമേട്ടൻ. അദ്ദേഹം ജോലിയെടുത്തതിന് ശേഷമാണ് പഠിക്കാൻ വന്നത്. മിമിക്രിക്കാരൻ എന്ന നിലയിൽ ഞങ്ങൾ വേഗത്തിൽ കൂട്ടായി. പിന്നെ മഹാരാജാസ് കോളേജിലെ ശക്തനായ കെഎസ്‌യു പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. യൂണിവേഴ്‌സിറ്റി മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയിരുന്നത് ഞാനും സലീമേട്ടനും പക്രുവുമാണ്. നാദിർഷിക്ക തന്നെയാണ് എന്നേയും മിനി സ്‌ക്രീനിലേക്ക് പരിചയപ്പെടുത്തുന്നത്. സലിം കുമാർ അവതരിപ്പിച്ച സലിം ആന്റ് സലിം പരിപാടിയിൽ അസിസ്റ്റന്റായി.
അടുത്ത ആഴ്ച്ചയാണ് അമ്മയുടെ ജനറൽ ബോഡി യോഗം നടക്കാനിരുന്നത്. എനിക്കുവേണ്ടി ശക്തമായി സംസാരിക്കാനുള്ള കാര്യങ്ങൾ അദ്ദേഹം നോട്ട് ചെയ്തുവെച്ചിരുന്നു. പല മെമ്പർമാരേയും വിളിച്ച് ചോദിച്ച് കാര്യങ്ങൾ മനസിലാക്കിയിരുന്നു. പ്രസിഡന്റിനോടും ഇക്കാര്യം പറഞ്ഞിരുന്നു. എന്റെ ചിറകാണ് ഒടിഞ്ഞുപോയത്.
പ്രശ്‌നങ്ങൾക്കൊരു പരിഹാരത്തിന് എനിക്ക് രണ്ട് പേരാണുണ്ടായിരുന്നത്. സംവിധായകൻ സിദ്ദീഖ്, സലിം കുമാർ. ഇനി ഞാൻ ആരോട് ചോദിക്കും. ഞാൻ കരഞ്ഞപ്പോൾ പലരും ട്രോളി. കരയാനെങ്കിലും സ്വാതന്ത്ര്യം വേണ്ടേ? മാറിനിന്ന് കരയുന്നതാണ്. എനിക്കൊന്ന് പൊട്ടിക്കരയണ്ടേ? ഒരു സുഹൃത്തിനെ സ്‌നേഹിക്കുന്നതിനേക്കാൾ വലിയ സ്‌നേഹമില്ലെന്ന് ബൈബിളിൽ പറയുന്നുണ്ട്. ഞാൻ അത്രയും സ്‌നേഹിച്ചിട്ടുണ്ട്. എന്നേയും ഒരുപാട് സ്‌നേഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാന അഭിമുഖത്തിലും ഞാൻ പോയിരുന്നുവെന്ന് ടിനി ടോം പറഞ്ഞു.
















































