ന്യൂഡൽഹി : മൂന്നുപേരുടെ മരണത്തിനിടയാക്കിയ സൗത്ത് ഈസ്റ്റ് ഡൽഹി ഗോവിന്ദ്പുരിയിലെ തീപിടിത്തത്തിൽ നിർണ്ണായക വഴിത്തിരിവ്. 5 നില കെട്ടിടത്തിൽ തീപിടിത്തമുണ്ടാകുന്നതിനു തൊട്ടുമുൻപ്, തലയും മുഖവും തുണിയിട്ടു മൂടിയ ഒരു സ്ത്രീ കെട്ടിടത്തിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതു തന്നെയാണ്അ തീ പിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സുപ്രധാനമായിരിക്കുന്നതും. ആ സ്ത്രീ കെട്ടിടത്തിലേയ്ക്ക് പയറിയ ശേഷമാണ് തീഗോളമുണ്ടായത്. പിന്നാലെ സ്ത്രീ കെട്ടിടത്തിൽ നിന്ന് വേഗം ഇറങ്ങിപ്പോടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ നിലവിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ 17 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. ഈ കുട്ടിയെയാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നതെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ പുലർച്ചെ 2.24 നാണ് ഗോവിന്ദ്പുരിയിലെ അഞ്ചുനില കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. 2. 20ന് പെൺകുട്ടി കെട്ടിടത്തിന് മുകളിലേയ്ക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. വിശദ പരിശോധനകൾക്കും അന്വേഷണത്തിനും ശേഷമാണ് ദൃശ്യങ്ങളിലെ പെൺകുട്ടി തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ സമീപ പ്രദേശത്തുതന്നെയുള്ളയാളാണെന്ന് പോലീസ് കണ്ടെത്തിയത്. നവജീവൻ ക്യാമ്പ് സ്വദേശിനിയായ പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നും ചില നിർണ്ണായക വിവരങ്ങൾ പോലീസിനു ലഭിച്ചു. തനിക്ക് പരിചയമുള്ള സരിത എന്ന സ്ത്രീ തീപിടുത്തമുണ്ടായ ഫ്ളാറ്റിലെ അഞ്ചാം നിലയിൽ താമസിക്കുന്ന ദീപക് എന്നയാളുടെ സ്കൂട്ടർ കത്തിക്കാൻ തന്നെ സമീപിച്ചുവെന്നും അതിനായി പെട്രോളും തീപ്പെട്ടിയും നല്കിയെന്നും പെൺകുട്ടി പറഞ്ഞു. ആ സ്ത്രീയുടെ നിർദ്ദേശ പ്രകാരം താൻ ആ കെട്ടിടത്തിനുള്ളിൽ കടക്കുകയും ദീപക്കിന്റെ സ്കൂട്ടർ കത്തിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് കെട്ടിടത്തിനൊന്നാകെ തീ പിടിച്ചതെന്നാണ് 17 കാരിയുടെ മൊഴി. ഇതുപ്രകാരം സരിതയെയും ഒപ്പം ഗോവിന്ദ്പുരി സ്വദേശി നിരഞ്ജൻ, സഹോദരൻ രാജ്കുമാർ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.ദീപക്കിനോടുള്ള വ്യക്തിവൈരാഗ്യമാണ് പ്രതികളെ ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
ശനിയാഴ്ചയാണ് തീപിടുത്തത്തിന് തൊട്ടുമുമ്പ് ഒരു സ്ത്രീ കെട്ടിടത്തിലേയ്ക്ക് കയറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചത്. അതിനുപിന്നാലെ പോലീസ് ആ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.
ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ രണ്ടു പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.















































