തിരുവനന്തപുരം: സംസ്ഥാം പകർച്ചവ്യാധിയുടെ പിടിയിലിരിക്കെ അവധിയെടുത്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ സർക്കാർ മാറ്റി. പകരം അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിക്കാണ് താത്കാലിക ചുമതല. എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് ഡോക്ടർ റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ്റെ അതൃപ്തിയാണ് റീനയുടെ സ്ഥാനചലനത്തിന് പിന്നിൽ.
പകർച്ച വ്യാധി സമയത്ത് ഡോ. റീന 15 ദിവസം അവധി എടുത്തതിൽ ആരോഗ്യമന്ത്രി കടുത്ത അതൃപ്തിയിലായിരുന്നു. അതിന് പിന്നാലെയാണ് ഡോ. റീനയ്‌ക്കെതിരെ നടപടി എടുത്തത്. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റം.
അതുപോലെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപയാണെന്ന സ്ഥിരീകരണം പൂനെയിലെ വൈറോളജി ലാബിൽ നിന്നും ലഭിച്ചത്. എന്നാൽ പരിശോധന ഫലം വന്നിട്ടില്ലെന്ന നിലയിൽ കെ മുരളീധരൻ കഴിഞ്ഞദിവസം നടന്ന വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത് പിന്നീട് ചർച്ചയായിരുന്നു. ഫലം ഉച്ചയോടെ ലഭ്യമായി എന്ന കോഴിക്കോട് ജില്ലാ കളക്ടർ പറഞ്ഞിരുന്നു. പൂനെ വൈറോളജി ലാബിലെ പരിശോധനയിൽ നിപ സ്ഥിരീകരിച്ചെന്ന് അറിയിച്ചത് ജില്ലാ കളക്ടറായിരുന്നു.
കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയിരുന്നു. 77 പേരുടെ സമ്പർക്കപ്പട്ടികയാണ് നിലവിൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളുമാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ 2 പേർ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും 63 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണുള്ളത്.
ഇതിനിടെ ഇന്നലെ മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് കീഴാറ്റൂർ സ്വദേശി സരോജിനി(59) ആണ് മരിച്ചിരുന്നു. വയറിളക്കം ബാധിച്ച് മരിച്ച സരോജിനിക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലത്തിൽ വ്യക്തമാകുകയായിരുന്നു . ചൊവ്വാഴ്ച്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. വയറിളക്കത്തെ തുടർന്ന് തിങ്കളാഴ്ച്ചയാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ആയതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ മൂന്നുവയസുകാരനും ഇന്നലെ ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പയ്യോളിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്നലെ വയനാട് കോളയാടി സ്‌കൂളിലെ ഏഴ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ വയനാട്ടിൽ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. 110ൽ അധികം പേർക്കാണ് ഈ വർഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 54 പേർക്കാണ് രോഗം ബാധിച്ചത്.















































