കാസർകോഡ്: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുപത്തിയഞ്ചുകാരിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളിനെതിരെയാണ് മേൽപ്പറമ്പ് പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തത്. പ്രതിയായ യുവതിക്കെതിരെ മുൻപും സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പടെ നാലോളം പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയായ സ്നേഹ മെർളിനെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മാത്രം മുൻപ് മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിൽ രണ്ട് കേസുകൾ സ്വന്തം സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിനുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്നേഹ മെർളിൻ. പ്രതി ഒരു ദിവസം ഈ പെൺകുട്ടിയുടെ വീട്ടിലെത്തിയ സമയത്താണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കടുത്ത ഭയവും മാനസിക വിഷമവും കാരണം പെൺകുട്ടി സംഭവത്തെക്കുറിച്ച് ആരോടും തുറന്നുപറഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് കുട്ടി കൗൺസിലിംഗിന് വിധേയയായപ്പോഴാണ് മാതാവിന്റെ സുഹൃത്തിൽ നിന്നും നേരിട്ട ദാരുണമായ പീഡന വിവരം പുറത്തുപറഞ്ഞത്. ഇതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.















































