പട്ന: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ ബിഹാറിൽ കല്ലേറ്. ഹാജിപൂർ റെയിൽവേ സ്റ്റേഷന് സമീപം നടന്ന സംഭവത്തിൽ ട്രെയിനിലെ ഒരു കോച്ചിന്റെ ജനൽച്ചില്ല് തകർന്നതായി റിപ്പോർട്ടുണ്ട്.
ദില്ലിയിൽ നിന്ന് ജൽപായ്ഗുരിയിലേക്ക് സർവീസ് നടത്തുന്ന ശതാബ്ദി എക്‌സ്പ്രസിലാണ് മോഹൻ ഭഗവത് യാത്ര ചെയ്തിരുന്നത്. ട്രെയിൻ ഹാജിപൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് അജ്ഞാതർ കല്ലെറിഞ്ഞതെന്നാണ് വിവരം.
മോഹൻ ഭഗവത് ട്രെയിനിലെ ഇ-1 കോച്ചിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. എന്നാൽ തകർന്ന ജനൽച്ചില്ല് ഈ കോച്ചിലേതാണോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
കല്ലേറിനെ തുടർന്ന് റെയിൽവേ സംരക്ഷണ സേനയും പ്രാദേശിക പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
അതേസമയം മോഹൻ ഭഗവതിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണോ, അതോ സാധാരണ കല്ലേറ് സംഭവമാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ് ഉണ്ടാകുന്ന സംഭവങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെന്നും അന്വേഷണത്തിന് ശേഷമേ സംഭവത്തിന്റെ പശ്ചാത്തലം വ്യക്തമാകുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.















































