തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ആളുകൾ മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. അവർക്കുള്ള നഷ്ടപരിഹാരം വേഗത്തിൽ നൽകാനുള്ള നടപടികൾ സ്വീകരിക്കും. അതുപോലെ കാട്ടുപന്നികളെ നിയന്ത്രിക്കാൻ ജൂൺ 15-ന് സ്‌പെഷ്യൽ ഡ്രൈവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘നിലവിൽ 2000-ൽപരം കിലോമീറ്ററാണ് സോളാർ വേലി സ്ഥാപിച്ചിട്ടുള്ളത്. 100 ദിവസംകൊണ്ട് അത് 2500 കിലോമീറ്ററാക്കി വർധിപ്പിക്കും. തുടർന്ന് ഈ വർഷംതന്നെ അത് 3000 ആക്കി വർധിപ്പിക്കും. സോളാർ ഫെൻസിങ്ങിന്റെ വോൾട്ടേജ് അടക്കമുള്ള വിഷയങ്ങൾ വീക്ഷിക്കാനുള്ള ഒരു സെൻട്രലൈസ്ഡ് പ്ലാറ്റ്‌ഫോം രൂപീകരിക്കും. ജനങ്ങൾക്കും കയറി നോക്കാവുന്ന സംവിധാനമായിരിക്കും അത്.’ മന്ത്രി പറഞ്ഞു.
വയനാട്ടിൽ, ഒരു കടുവയ്ക്ക് 20 സ്‌ക്വയർ കിലോമീറ്റർ ടെറിട്ടറി വേണ്ട സ്ഥാനത്ത്, നാല് സ്‌ക്വയർ കിലോമീറ്റർ ടെറിട്ടറി മാത്രമാണ് ഇപ്പോഴുള്ളത്. ഇതാണ് അവിടെ കടുവ ശല്യം ഇത്രത്തോളം കൂടാൻ കാരണമെന്നും മന്ത്രി പറഞ്ഞു. അതുപോലെ വനത്തിനകത്തോ, പുറത്തോ വെച്ച് വന്യമൃഗത്തിന്റെ ആക്രമണത്തിൽ ഒരു വ്യക്തി മരിച്ചാൽ അതിന്റെ ധാർമികമായ ഉത്തരവാദിത്വം വനംവകുപ്പിനായിരിക്കും.’- മന്ത്രി കൂട്ടിച്ചേർത്തു.
















































