കിഴക്കമ്പലം: മറ്റൊരു യുവതിയുമായി ഉറപ്പിച്ച വിവാഹത്തിൽ നിന്നു പിൻമാറാൻ ആവശ്യപ്പെട്ട കാമുകിയെ മർദിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും മരിച്ചെന്നു കരുതി റോഡിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ കോതമംഗലം സ്വദേശി നിതിൻ (31) അറസ്റ്റിൽ.
സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായാണ് നിതിന് അടുപ്പമുണ്ടായിരുന്നത്. ഇതിനിടെ മറ്റൊരു യുവതിയുമായി നിതിന്റെ വിവാഹം ഉറപ്പിക്കുകയായിരുന്നു. ഈ വിവാഹബന്ധത്തിൽനിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവർ തമ്മിൽ കലഹമുണ്ടായി. കടുത്ത മർദനത്തിനൊടുവിൽ യുവതി മരിച്ചെന്നു കരുതി നിതിൻ, ഇവരുടെ കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിൽ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.
പുലർച്ചെ ബോധം വീണ്ടു കിട്ടിയ യുവതി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംക്‌ഷനിൽ എത്തി നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു.

















































