വാഷിങ്ടൺ: ഇറാനിൽ സാധ്യമായ പുതിയ സൈനിക നടപടികളെ കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെള്ളിയാഴ്ച വിശദീകരണം നൽകും. ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ ഇറാനെ സമ്മർദ്ദത്തിലാക്കുന്നതിന് കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ ഒരാക്രമണ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. യുഎസ് സെൻട്രൽ കമാൻഡ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
ഹോർമുസ് കടലിടുക്കിന്റെ ഭാഗങ്ങൾ ഏറ്റെടുക്കുകയും ഇറാനിൽ നിന്ന് ശുദ്ധീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കാൻ പ്രത്യേക സേനയെ അയക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള മറ്റ് ഓപ്ഷനുകളും തയ്യാറാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സെൻട്രൽ കമാൻഡ് മേധാവി വിശദീകരണം നൽകുന്നതിന് പിന്നിൽ ട്രംപ് യുദ്ധനടപടികൾ പുനരാരംഭിക്കുന്നതിനെ ഗൗരവമായി പരിഗണിക്കുന്നതിനുള്ള സാധ്യതയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചർച്ചകളിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായോ അല്ലെങ്കിൽ യുദ്ധം അവസാനിപ്പിക്കുന്നതിന് മുമ്പ് അവസാന പ്രഹരം ഏൽപ്പിക്കുന്നതിനോ ആകാം ഇതെന്നും ആക്സിയോസിന്റെ റിപ്പോർട്ടിൽ പറയുന്നു.
അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിക്കാണ് യുഎസ് നീക്കമെന്നാണ് സൂചന. ഇതിലൂടെ ഇറാനെ ചർച്ചകളിലേക്ക് കൊണ്ടുവരാമെന്നും യുഎസ് കരുതുന്നു.
ട്രംപിന് മുന്നിൽ അവതരിപ്പിക്കാനായി പ്രതീക്ഷിക്കുന്ന മറ്റൊരു പദ്ധതി ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗം പിടിച്ചെടുത്ത് വാണിജ്യ കപ്പൽ ഗതാഗതത്തിനായി വീണ്ടും തുറക്കുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്തരം ഒരു നീക്കത്തിൽ കരസേനയെയും ഉൾപ്പെടുത്താമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം നിലവിലെ നാവിക ഉപരോധം തുടരാൻ തന്നെയാണ് ട്രംപിന്റെ തീരുമാനമെന്നും അറിയുന്നു. ഇത് ഇറാനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നാണ് യുഎസ് വിലയിരുത്തുന്നത്.
ഇറാൻ ചർച്ചയ്ക്ക് വഴങ്ങുന്നില്ലെങ്കിൽ സൈനിക നടപടി പരിഗണിക്കുമെന്നും യുഎസ് വൃത്തങ്ങൾ പറയുന്നു. ഉപരോധത്തിന് പ്രതികാരമായി ഇറാൻ തങ്ങളുടെ സേനക്കെതിരെ സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യതയും യുഎസ് മുന്നിൽ കാണുന്നുണ്ട്.
നാവിക ഉപരോധം പിൻവലിക്കുകയും ഹോർമുസ് തുറക്കുകയും ചെയ്യുന്നതിലൂടെ യുദ്ധം അവസാനിപ്പിക്കാമെന്ന് ഇറാൻ നേരത്തെ നിർദേശിച്ചിരുന്നു. ആണവ വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നുമായിരുന്നു ഇറാന്റെ നിർദേശം. എന്നാൽ യുഎസും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇത് തള്ളിയതായാണ് വിവരം.

















































