ന്യൂഡൽഹി : ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇറാനിയൻ കമ്പനിക്കു കൈമാറാൻ ഇന്ത്യ നീക്കം സജീവമാക്കിയതായി സൂചന. തുറമുഖത്തിന് യുഎസ് അനുവദിച്ച ഉപരോധ ഇളവ് ഏതാനും ദിവസം മുൻപ് അവസാനിച്ചിരുന്നു. ഇതോടെ, നടത്തിപ്പ് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് ഇന്ത്യ.
ഉപരോധവും പശ്ചിമേഷ്യയിലെ യുദ്ധവും തുറമുഖത്തിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. യുഎസ് അധികൃതരുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയെങ്കിലും ഇളവു നീട്ടുന്നതിൽ തീരുമാനമായിരുന്നില്ല. യുഎസിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകില്ലെന്നാണു വിലയിരുത്തൽ. ഇറാനുമായും യുഎസുമായും ഇപ്പോഴും ചർച്ച ഇപ്പോഴും നടക്കുകയാണെന്നാണ് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചത്.
കഴിഞ്ഞ വർഷം നവംബർ മുതൽ ഉദ്യോഗസ്ഥരെ ചബഹാറിൽ നിന്നു ഘട്ടംഘട്ടമായി പിൻവലിച്ചിരുന്നു. ഈ വർഷത്തെ ബജറ്റിൽ പണം വകയിരുത്തിയിട്ടില്ല. പദ്ധതിയിൽ നിന്നു കേന്ദ്രം പിൻമാറുന്നുവെന്ന സൂചന വ്യക്തമായിരുന്നു.
ഇറാന്റെ തെക്കൻ തീരത്തുള്ള ചബഹാർ തുറമുഖത്തിന്റെ വികസനം 2003 മുതൽ നടത്തുന്നത് ഇന്ത്യയാണ്. 2018 ൽ ഇറാനെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയപ്പോൾ ചബഹാർ തുറമുഖത്തെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വർഷം വീണ്ടും ഉപരോധം ഏർപ്പെടുത്തിയിരുന്നെങ്കിലും ഏപ്രിൽ 26 വരെ ചബഹാറിന് ഇളവു നൽകി.
ചബഹാർ തുറമുഖത്ത് ഇതുവരെ 12 കോടി ഡോളർ ഇന്ത്യ നിക്ഷേപിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാൻ, അഫ്‍ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപാരം സാധ്യമാകുമെന്നതായിരുന്നു നേട്ടം.
















































