ലഹോർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വൈഭവ് സൂര്യവംശി തകർപ്പൻ ബാറ്റിങ് തുടരുന്നതിനിടെ വിചിത്ര കണ്ടുപിടിത്തവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ്. വൈഭവ് സൂര്യവംശിയുടെ ബാറ്റിൽ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ചിപ്പുണ്ടെന്നും ഇതു പരിശോധിക്കാൻ അദ്ദേഹത്തെ ലാബിലേക്ക് അയക്കണമെന്നും നൗമൻ ഒരു ചർച്ചയ്ക്കിടെ തമാശ രൂപേണ പ്രതികരിച്ചു. വെറുമൊരു തമാശയ്ക്കാണ് പാക്ക് ക്രിക്കറ്റ് നിരീക്ഷകൻ പ്രതികരിച്ചതെങ്കിലും ഇതു സമൂഹമാധ്യമത്തിൽ വലിയ ചർച്ചകൾക്കാണു വഴിയൊരുക്കിയിട്ടുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വൈഭവ് സെഞ്ചറി നേടിയതിനു പിന്നാലെയായിരുന്നു നൗമാൻ നിയാസിന്റെ പ്രതികരണമെത്തിയത്.
ഐപിഎൽ ഈ സീസണിൽ ഇതുവരെ ഒരു സെഞ്ചുറിയടക്കം 357 റൺസടിച്ച വൈഭവ് റൺവേട്ടക്കാരിൽ രണ്ടാമതാണ്. നൗമാൻ നിയാസിന്റെ പ്രതികരണമിങ്ങനെ- ‘‘ആലോചിച്ചു നോക്കൂ, എന്താണ് ആ കുട്ടി ചെയ്യുന്നത്? വൈഭവിന്റെ ബാറ്റ് പരിശോധിക്കണം. ഉത്തേജക മരുന്നു പരിശോധനകൾ താരങ്ങൾക്കു നടത്താറുണ്ട്. വൈഭവിന്റെ കാര്യത്തിലും അത്തരമൊരു പരിശോധന ആവശ്യമാണ്. വൈഭവിന്റെ ബാറ്റിൽ എഐ ചിപ്പ് ഉണ്ടായിരിക്കണം. അസാധാരണമായ കളിയാണിത്. എന്തൊരു താരമാണ്? 18 വയസാകുമ്പോൾ ശരീരത്തിൽ മസിലുകളെല്ലാം കരുത്താർജിക്കും. പക്ഷേ ഈ പയ്യന് 15 വയസാണു പ്രായം. അതായത് വിരാട് കോലി ലോക ചാംപ്യനായ സമയത്താണ് അവൻ ജനിച്ചത്. സാങ്കേതികതയ്ക്ക് ഒത്ത കരുത്തല്ല വൈഭവിനുള്ളത്. വൈഭവ് 360 ഡിഗ്രി ബാറ്റു ചെയ്യുന്ന താരമാണ്.’’– നിയാസ് പ്രതികരിച്ചു.
അതേസമയം കഴിഞ്ഞ കളിയിൽ വൈഭവ് സെഞ്ചറിയുമായി തിളങ്ങിയിട്ടും രാജസ്ഥാൻ റോയൽസിനു ഹൈദരാബാദിനെതിരായ മത്സരത്തിൽ വിജയിക്കാൻ സാധിച്ചിരുന്നില്ല. രാജസ്ഥാൻ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദ്, 18.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു. അഞ്ചു വിക്കറ്റ് വിജയമാണ് ഒൻപതു പന്തുകൾ ബാക്കി നിൽക്കെ ഹൈദരാബാദ് സ്വന്തമാക്കിയത്.
കഴിഞ്ഞ ഐപിഎലിന്റെ കണ്ടെത്തലായ വൈഭവ്, സഞ്ജു സാംസണു പരുക്കേറ്റതോടെയാണ് ആദ്യമായി രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവനിൽ വന്നത്. കഴിഞ്ഞ സീസണിൽ സെഞ്ചറിയുൾപ്പടെ നേടി തിളങ്ങിയതോടെ രാജസ്ഥാന്റെ വിശ്വസ്തനായി. സഞ്ജു ടീം വിട്ടതോടെ 2026 സീസണിൽ വൈഭവും യശസ്വി ജയ്സ്വാളുമാണ് രാജസ്ഥാന്റെ ഓപ്പണർമാർ. ഇരുവരും നൽകുന്ന തുടക്കമാണ് രാജസ്ഥാന്റെ ഏറ്റവും വലിയ കരുത്ത്. 2026 സീസണിൽ ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചുറികളും ഇതിനകം സ്വന്തമാക്കിയ വൈഭവ്, ഐപിഎലിൽ ടോപ് സ്കോററാകാനുള്ള പോരാട്ടത്തിലും മുന്നിലുണ്ട്.
















































