മധ്യപ്രദേശ്: അതികഠിനമായ വേനൽച്ചൂടിൽ പോലും എയർ കണ്ടീഷണർ ഉപയോഗിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അതിന് കാരണം തന്റേത് ചന്പൽ ചർമം (ചമ്പൽ പ്രദേശത്തുകാരുടെ കരുത്തുള്ള ചർമ്മം) ആണെന്നും അദ്ദേഹം പറഞ്ഞു. ഉഷ്ണ തരംഗത്തെ മറികടക്കാൻ പരമ്പരാഗത പ്രതിവിധിയായി ഒരു ഉള്ളി കയ്യിൽ കരുതണമെന്നും സിന്ധ്യ ഉപദേശിച്ചു.
ഞായറാഴ്ച മധ്യപ്രദേശിലെ ശിവ്പുരിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഞാൻ എന്റെ കാറിലോ ഇരിക്കുന്ന സ്ഥലത്തോ എസി ഉപയോഗിക്കാറില്ല. മെയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിൽ പോലും ആളുകൾ എന്നോട് ഇതിനെക്കുറിച്ച് ചോദിക്കാറുണ്ട്. അപ്പോൾ ഞാൻ പറയും, ‘ഇത് ചമ്പൽ ചർമമാണ്’ എന്ന്.
മറ്റൊരു കാര്യം കൂടി പറയാം, കാഴ്ചയിൽ എനിക്ക് പ്രായം കുറവ് തോന്നിക്കുമെങ്കിലും എന്റെ മനസ്സ് പഴയതാണ്. അതിനാൽ, നിങ്ങളുടെ കീശയിൽ എപ്പോഴും ഒരു സവാള കരുതുക.’ ‘അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. ഇന്നത്തെ കാലത്ത് എല്ലാവരും വലിയ പെട്ടികളുമായി (ആധുനിക ഉപകരണങ്ങൾ) നടക്കുകയാണ്. എന്നാൽ വാർത്താവിനിമയ മന്ത്രി കൂടെ കൊണ്ടുനടക്കുന്നത് സവാളയാണ്.















































