കൊൽക്കത്ത: പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാനെത്തിയ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. നക്സൽബാരി നിയമസഭ മണ്ഡലത്തിലെ ഫാൻസിദേവയിലെ തരാബാരിയിലെ പോളിംഗ് ബൂത്തിലാണ് സംഭവമുണ്ടായത്. രണ്ട് വർഷം മുമ്പ് മറ്റൊരു പുരുഷനോടൊപ്പം ഭാര്യയെ ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ രാവിലെ മുതൽ ഇയാൾ ബൂത്തിന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.
ഇതിനിടെയാണ് ഭാര്യ വോട്ട് ചെയ്യാനായി എത്തുന്നതും ആക്രമിക്കപ്പെടുന്നതും. സംഘാർഷാവസ്ഥ ഉണ്ടായതിന് പിന്നാലെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മണിക്കൂറുകളോളമാണ് യുവാവ് ബൂത്തിന് പുറത്ത് കാത്തുനിന്നത്. കൊടുംചൂട് അവഗണിച്ച് യുവാവ് അവിടെ ചുറ്റിതിരിയുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതി എത്തിയതും പ്രതി അവരുടെ അടുത്തേക്ക് പാഞ്ഞടുക്കുകയും മർദ്ദിക്കുകയുമായിരുന്നു.
വോട്ടർ ഐഡി പിടിച്ചെടുക്കാൻ ശ്രമിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തു.
ബൂത്തിന് പുറത്ത് സംഘർഷം ശ്രദ്ധയിൽപെട്ടതോടെ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥർ ഇടപെട്ടു. യുവതിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പിന്നീടാണ് ഇരുവരും ദമ്പതികളാണെന്ന് മനസിലായത്. ഭാര്യ രണ്ട് വർഷം മുമ്പ് ഇയാളെ വിട്ട് മറ്റൊരാളോടൊപ്പം താമസിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് യുവതിയെ കാത്തിരുന്ന് ആക്രമിച്ചത്.
സംഘർഷാവസ്ഥയ്ക്ക് പിന്നാലെ യുവതി വോട്ട് ചെയ്തുമടങ്ങി. യുവാവിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനിടെയാണ് സംഭവം നടന്നത്.
















































