ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാന്റെ കളി കാണണമെങ്കിൽ മിന്നും ഫോമിലുള്ള കൗമാരതാരം വൈഭവ് സൂര്യവംശി കളത്തിലുണ്ടാകണം. അവന്റെ നിർഭയമുള്ള ബാറ്റ് വീശൽ കാണാൻ തന്നെയൊരു ചന്തമാണ്. അതേസമയം ഈ സീസണിൽ ഏഴുമത്സരങ്ങളിൽ നിന്നായി 254 റൺസാണ് താരത്തിന്റെ സമ്പാദ്യം. റൺവേട്ടക്കാരിൽ മുൻനിരയിൽ തന്നെ പതിനഞ്ചുകാരൻ നിലയുറപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ലഖ്‌നൗവിനെതിരായ മത്സരത്തിൽ മറ്റ് രണ്ട് റെക്കോഡുകളും താരം സ്വന്തമാക്കി. ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 500 റൺസ് നേടുന്ന താരമെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. 500 റൺസ് നേടുന്ന പ്രായം കുറഞ്ഞ താരവും വൈഭവ് തന്നെ.
ലഖ്‌നൗവിനെതിരേ വെറും എട്ടുറൺസ് മാത്രമാണ് താരത്തിന് നേടാനായതെങ്കും ഇതിനിടെ 500 എന്ന നാഴികക്കല്ല് താരം പിന്നിട്ടു. അതോടെ റെക്കോഡ് ബുക്കിലും വൈഭവ് ഇടംപിടിച്ചു. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ അതിവേഗം 500 റൺസ് തികയ്ക്കുന്ന താരമായി വൈഭവ് മാറി. 227 പന്തിൽ നിന്നാണ് വൈഭവിന്റെ നേട്ടം. ഓസീസ് താരം ഗ്ലെൻ മാക്‌സ് വെല്ലിനെയാണ് താരം മറികടന്നത്. 260 പന്തിൽ നിന്നാണ് ഓസീസ് താരം ഈ നേട്ടത്തിലെത്തിയിരുന്നത്.
മാത്രമല്ല ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 15 വർഷവും 26 ദിവസവുമാണ് വൈഭവിന്റെ പ്രായം. പൃഥ്വി ഷായുടെ റെക്കോഡാണ് മറികടന്നത്. ഐപിഎല്ലിൽ 500 റൺസ് തികയ്ക്കുമ്പോൾ 19 വർഷവും 164 ദിവസവുമായിരുന്നു ഷായുടെ പ്രായം. മലയാളി താരം സഞ്ജു സാംസണാണ് പട്ടികയിൽ മൂന്നാമത്. 19 വർഷവും 195 ദിവസവുമാണ് 500 റൺസിലെത്തുമ്പോൾ സഞ്ജുവിന്റെ പ്രായം.
ഇതിനെല്ലാമറ്റുറം മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തിയിരിക്കുകയാണ് താരം. ലഖ്‌നൗവിനെതിരേ കളത്തിലിറങ്ങും മുൻപ് കാർട്ടൂൺ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലും വൈഭവ് നടത്തി. മത്സരത്തിന് മുൻപ് പതിവുപോലെ കാർട്ടൂൺ കണ്ടിരുന്നു. അത് എന്റെ ശീലമാണ്. എന്നാൽ ശ്രദ്ധ എല്ലായിപ്പോഴും മത്സരത്തിലാണ്. വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച രീതിയിൽ കളിക്കാനാണ് ശ്രമമെന്നും കൗമാരതാരം മത്സരശേഷം പറഞ്ഞു.














































