ജക്കാർത്ത: ഇന്ത്യൻ വിനോദസഞ്ചാരികൾ ഇൻഡൊനീഷ്യയിലെ ബാലിയിലെ റിസോർട്ടിൽനിന്ന് വിവിധ സാധനങ്ങൾ മോഷ്ടിച്ചതായി ആരോപണം. റിസോർട്ട് വിടുന്നതിനിടെ വിനോദസഞ്ചാരികളുടെ ബാഗുകളിൽനിന്ന് മോഷ്ടിച്ച സാധനങ്ങൾ ജീവനക്കാർ കൈയോടെ പിടികൂടിയെന്നാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളെന്ന പേരിൽ ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബാലിയിലെ ഉബുദിലെ ‘അസ്‌വാറ’ റിസോർട്ടിലാണ് സംഭവം. ഏപ്രിൽ 16-നാണ് ഇന്ത്യയിൽനിന്നുള്ള നാല് വിനോദസഞ്ചാരികൾ ഇവിടെ മുറിയെടുത്തത്. തുടർന്ന് ഏപ്രിൽ 19-ന് ചെക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് മോഷണം പിടിച്ചതെന്നും പ്രാദേശിക മാധ്യമമായ ‘ബാലി ടൈംസ്’ റിപ്പോർട്ട്‌ചെയ്തു.
ചെക്ക് ഔട്ട് നടപടികൾക്കിടെ മുറിയിലെ ചില സാധനങ്ങൾ കാണാനില്ലെന്ന കാര്യം ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. തുടർന്നാണ് ജീവനക്കാർ അതിഥികളുടെ ബാഗുകൾ പരിശോധിച്ചത്. ഈ ബാഗുകളിൽനിന്നാണ് റിസോർട്ടിലെ മുറിയിലുണ്ടായിരുന്ന ടവ്വലുകൾ, ഹെയർ ഡ്രൈയർ, ഡോർമാറ്റ്, ടിവി റിമോട്ട് ബോക്‌സ്, പാത്രങ്ങൾ, സ്പൂണുകൾ തുടങ്ങിയവ കണ്ടെടുത്തത്. ഇതോടെ റിസോർട്ട് അധികൃതർ സഞ്ചാരികളെ തടഞ്ഞുവെയ്ക്കുകയായിരുന്നു.
മോഷണം കൈയോടെ പിടികൂടിയ ജീവനക്കാർ വിവരം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. എന്നാൽ, പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും പിന്നീട് ഇരുകൂട്ടരും ചർച്ചചെയ്ത് പ്രശ്‌നം പരിഹരിച്ചെന്നും ‘ബാലി ടൈംസ്’ റിപ്പോർട്ട്‌ചെയ്തു. മോഷ്ടിച്ച സാധനങ്ങളെല്ലാം തിരികെനൽകിയശേഷമാണ് വിനോദസഞ്ചാരികളെ പോകാൻ അനുവദിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.














































