കൽപ്പറ്റ: വയനാട് ടൗൺഷിപ്പിൽ വിള്ളൽ ഉണ്ടായെന്ന് ആരോപണം ഉയർന്ന വീട്ടിൽ പരിശോധന നടത്തിയ റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒജെ ജനീഷ് രംഗത്ത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും മന്ത്രിക്ക് മാനസിക തകരാർ സംഭവിച്ചോ എന്നായിരുന്നു ജനീഷ് പരിഹസിച്ചുകൊണ്ട് ചോദിച്ചത്. മന്ത്രി മായ്ച്ചു കളഞ്ഞാൽ പോകുന്നതല്ല വിള്ളൽ. ഭൂകമ്പത്തെ പോലും പ്രതിരോധിക്കുന്നതെന്നാണ് സർക്കാരിന്റെ അവകാശവാദമെന്നും ജനീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വയനാട് ടൗൺഷിപ്പിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതീകാത്മക കുടിൽ കെട്ടി സമരം നടത്തിയിരുന്നു. ഇതിനിടെയായിരുന്നു മന്ത്രി രാജനെ ജനീഷ് പരിഹസിച്ചത്. ‘ഈ മന്ത്രിക്ക് എന്താ വയ്യേ?. എന്തെങ്കിലും തകരാർ ഉണ്ടാ?. ഈ കടുത്ത വേനലിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് എന്തെങ്കിലും മാനസിക തകരാർ സംഭവിച്ചോ?. മന്ത്രി മായ്ച്ചുകളഞ്ഞാൽ ഇല്ലാതാകുന്നതാണോ വിള്ളൽ?. ഇത് ഭൂകമ്പത്തെ പോലും പ്രതിരോധിക്കും എന്ന് അവകാശപ്പെട്ട് ആരംഭിച്ച നിർമ്മാണ പ്രവർത്തനമല്ലേ?’, എന്നാണ് ജനീഷ് പറഞ്ഞത്. ഇതിനിടെ വയനാട്ടിൽ മൂന്നാമത്തെ വീട്ടിലും വിള്ളൽ കണ്ടെത്തി. ഫെയ്സ് ഒന്നിലെ 87-ാം നമ്പർ വീട്ടിലാണ് വിള്ളൽ കണ്ടെത്തിയത്. അതേസമയം, വെള്ളം ഇറങ്ങുന്നത് തടയാൻ നടപടികൾ തുടങ്ങിയെന്ന് ഊരാളുങ്കൽ പ്രതികരിച്ചു. മേൽക്കൂര തുരന്ന് അപ്പോക്സി ഗ്രൗട്ട് ചെയ്തു വെള്ളം ഇറങ്ങുന്നത് തടയുമെന്നും ഊരാളുങ്കൽ പറയുന്നു.
നേരത്തെ ചൂരൽമല സ്വദേശി നൗഫലിൻറെ വീട്ടിലെ മേൽക്കൂരയിൽ വിള്ളൽ വീണ് ചോർച്ച രൂപപ്പെട്ടതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെ തൊട്ടടുത്തടുത്തുള്ള മറ്റൊരു വീട്ടിലും മേൽക്കൂരയിൽ കൂടി വിള്ളൽ ഉണ്ടെന്ന വിവരം പുറത്തുവന്നു. തുടർന്ന് ഊരാളുങ്കൽ സിഒഒ അരുൺ ബാബുവിൻറെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. രണ്ടിടത്തും പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അരുൺ ബാബു പറഞ്ഞു.
അതേസമയം ഇന്നലെ മന്ത്രി കെ രാജന്റെ നേതൃത്വത്തിലുള്ള സംഘം വിള്ളൽ ഉണ്ടായെന്ന് ആരോപണം ഉയർന്ന വീട്ടിൽ എത്തി പരിശോധന നടത്തി. മേൽക്കൂരയിൽ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ടെന്നല്ലാതെ വിള്ളൽ ഉണ്ടായിട്ടില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. വിള്ളൽ കണ്ടെത്തിയ വീടിന്റെ മേൽക്കൂരയിൽ പെൻസിൽ കൊണ്ടുവരച്ച പാടുകൾ മന്ത്രി മായ്ക്കുകയും ചെയ്തിരുന്നു.














































