ഇൻഡോർ: ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ യോഗത്തിനിടെ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിലർമാർ തമ്മിൽ വാഗ്വാദം. കോൺഗ്രസ് കൗൺസിലർ ഫൗസിയ ഷെയ്ഖ് അലീമിനോട് സഭയ്‌ക്ക് പുറത്തുപോകാൻ ചെയർമാൻ ഉത്തരവിട്ടു. കോർപ്പറേഷൻ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചപ്പോഴാണ് വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും തുടക്കമായത്. കോൺഗ്രസ് കൗൺസിലർമാരായ ഫൗസിയ ഷെയ്ഖ് അലീം, റുബിന ഇഖ്ബാൽ എന്നിവർ ഗീതം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നു.
വിശ്വാസപരമായ കാരണങ്ങളാലാണ് താൻ വന്ദേമാതരം പാടാത്തതെന്ന് ഫൗസിയ പറഞ്ഞു. വന്ദേമാതരം പാടുന്നതിന് ഖുറാനിൽ വിലക്കുണ്ട്. കാരണം അള്ളാഹു മാത്രമാണ് പരമാധികാരി. ‘വന്ദേ’ എന്നാൽ ആരാധിക്കുക എന്നും ‘മാതരം’ എന്നാൽ അമ്മയെയുമാണ് സൂചിപ്പിക്കുന്നത്. നമ്മൾ അള്ളാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളൂ, ഫൗസിയ ഷെയ്ഖ് അലീം പറയുന്നു “അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ല, അതിനാൽ നമ്മൾ മാതൃഭൂമിയെ വണങ്ങുകയില്ല” എന്നായിരുന്നു അവരുടെ മറുപടി. ഇതേത്തുടർന്ന് സഭയുടെ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫൗസിയയോട് ഹാളിൽ നിന്ന് പുറത്തുപോകാൻ ചെയർമാൻ ആവശ്യപ്പെട്ടു.
അതേസമയം, ദേശീയ കടമ നിറവേറ്റാൻ കഴിയാത്തവർക്കും, വന്ദേമാതരം ചൊല്ലാൻ കഴിയാത്തവർക്കും നരകത്തിൽ പോകാം; അവർ പാകിസ്ഥാനിൽ പോയി സ്ഥിരതാമസമാക്കട്ടെ” എന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് വക്താവ് കെ.കെ. മിശ്ര പറഞ്ഞത് സഭയെ വലിയ കൈയടി നേടി.

















































