ബെഗുസാരായ്: മദ്യനിരോധനം നിലനിൽക്കുന്ന ബിഹാറിൽ വീണ്ടും ഞെട്ടിക്കുന്ന സംഭവം. ബെഗുസാരായ് ജില്ലയിലെ സിസ്വയിൽ നാലാം ക്ലാസ് വിദ്യാർഥി സ്കൂളിൽ നിന്നും മദ്യപിച്ച് ലഹരിയിൽ വീട്ടിലെത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.
സ്കൂൾ കെട്ടിടത്തിന് പിന്നിലെ ഉപയോഗശൂന്യമായ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അനധികൃത മദ്യമാണ് കുട്ടി കഴിച്ചത്. വീട്ടിലെത്തിയ കുട്ടിയുടെ നടത്തത്തിലും സംസാരത്തിലും അസ്വാഭാവികത തോന്നിയ ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സ്കൂൾ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന മദ്യം കുട്ടി കഴിച്ചതായി സഹപാഠികൾ വെളിപ്പെടുത്തി.
തുടർന്ന് രക്ഷിതാക്കൾ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും പ്രധാനധ്യാപകൻ നടത്തിയ പരിശോധനയിൽ 23 കാർട്ടണുകളിലായി സൂക്ഷിച്ച 204 ലിറ്റർ വിദേശമദ്യം കണ്ടെത്തുകയുമായിരുന്നു. ബച്ച്‌വാര പൊലീസ് സ്ഥലത്തെത്തി മദ്യശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ അജ്ഞാതർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കിഴക്കൻ ചമ്പാരനിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തം നടന്ന് ഒരാഴ്ച തികയും മുമ്പേയാണ് ഈ സംഭവം. അയൽസംസ്ഥാനങ്ങളിൽ നിന്നും നേപ്പാളിൽ നിന്നും അതിർത്തി കടന്ന് ഇപ്പോഴും വൻതോതിൽ മദ്യം ഒഴുകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.















































