കൊൽക്കത്ത: കൊൽക്കത്തയെ ലക്ഷ്യമാക്കി ഭീഷണി മുഴക്കിയ ഖ്വാജ ആസിഫിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കാത്ത കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, ദേശീയ സുരക്ഷാ വിഷയത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തി. മമതാ ബാനർജിയും ഇന്ത്യ സഖ്യവും കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന ദിവസം, ഭീഷണി മുഴക്കിയവരുടെ വീട്ടിൽ കയറി വധിക്കുമെന്ന് അഭിഷേക് ബാനർജി ഭീഷണി മുഴക്കി.
“രണ്ട് ദിവസം മുമ്പ്, കൊൽക്കത്ത തകർക്കുമെന്ന് ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ നിശബ്ദരാണ്. അവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിലാണ്. ബംഗാളിനെതിരെയുള്ള ഭീഷണികൾക്ക് മറുപടി നൽകാൻ അവർക്ക് സമയമില്ല.ഇന്ത്യയുടെ പരമാധികാരത്തിനും നേരെയുള്ള ഭീഷണിയെ അപലപിക്കാൻ പോലും അവർക്ക് ധൈര്യമില്ല. എന്റെ പട്ടികയിൽ ഖ്വാജ ആസിഫിന്റെ പേര് ഞാൻ എഴുതിയിട്ടുണ്ട്. മമത ബാനർജിയും ഇന്ത്യാ സഖ്യവും സർക്കാർ രൂപീകരിക്കുന്ന ദിവസം, ഞങ്ങൾ അവരുടെ വീട്ടിൽ കയറി അവരെ കൊല്ലും”- എന്നാണ് അഭിഷേക് ബാനർജി പറഞ്ഞത്.
ദേശീയ സുരക്ഷാ വിഷയങ്ങൾ ഉന്നയിച്ച് പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രചാരണം ശക്തമാക്കിയിരിക്കുമ്പോൾ, അഭിഷേക് ബാനർജിയുടെ പ്രസ്താവന അക്രമാസക്തമായ രാഷ്ട്രീയ ഭാഷയുടെ ഉദാഹരണമാണെന്ന് ഭാരതീയ ജനതാ പാർട്ടി ആരോപിച്ചു. ഇതോടെ സംസ്ഥാനത്തെ രാഷ്ട്രീയ ചൂട് കൂടിയിരിക്കുകയാണ്.
സിയാൽക്കോട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ഇന്ത്യ എന്തെങ്കിലും സൈനിക നീക്കം നടത്തിയാൽ തിരിച്ചടി അതിർത്തി കടന്ന് കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കും വ്യാപിക്കുമെന്ന് ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകിയിരുന്നു.ഇന്ത്യ-പാകിസ്ഥാൻ ബന്ധം വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം.
ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും അത്തരം നീക്കമുണ്ടായാൽ കൊൽക്കത്ത ഉൾപ്പെടെയുള്ള വിദൂര നഗരങ്ങളിൽവരെ കടന്നുകയറി പാകിസ്ഥാൻ തിരിച്ചടിക്കുമെന്നുമാണ് ഖ്വാജ ആസിഫ് പറഞ്ഞത്. ഇന്ത്യയിൽ തടവിലുള്ള പാകിസ്ഥാൻ പൗരന്മാരേയോ അല്ലെങ്കിൽ സ്വന്തം പൗരന്മാരെത്തന്നെയോ ഉപയോഗിച്ച് ഭീകരാക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചേക്കുമെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ആരോപിച്ചത്. എന്നാൽ ആരോപണങ്ങൾക്ക് തെളിവ് നൽകാൻ ഖ്വാജ ആസിഫ് തയ്യാറായില്ല. യുദ്ധമുണ്ടായാൽ അത് കേവലം 200-250 കിലോമീറ്റർ ചുറ്റളവിൽ പരിമിതപ്പെടില്ല. ഇന്ത്യൻ മണ്ണിൽ കയറി വീടുകൾക്കുള്ളിൽ വരെ പ്രഹരമേൽപ്പിക്കുമെന്ന് പാക് മന്ത്രി ഭീഷണി മുഴക്കി.
ഇതിനിടെ, ഇന്ത്യയ്‌ക്കെതിരെ പ്രകോപനം ഉണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ “ഓപ്പറേഷൻ സിന്ദൂർ” ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

















































