കോഴിക്കോട് : പശ്ചിമേഷ്യയിലെ യുദ്ധം വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയതിനെ തുടർന്ന് കേരളത്തിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. ചെറിയ പെരുന്നാളിന് നാട്ടിലേക്ക് എത്താൻ ശ്രമിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് താങ്ങാനാവുന്നതിലും അപ്പുറമുള്ള നിരക്കുവർധനയാണുണ്ടായിരിക്കുന്നത്. അതുപോലെ തന്നെ പ്രിയപ്പെട്ടവരുടെ മരണം , മറ്റ് അടിയന്തരഘട്ടങ്ങളിൽ നാട്ടിലെത്തേണ്ട പ്രവാസികളെയും നിരക്കുവർധന ഏറെ വലയ്ക്കുന്നു. സർക്കാർതലത്തിൽ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ചെറിയ പെരുന്നാളാവുന്നതോടെ വരും ആഴ്ചയിൽ ഗൾഫിൽ നിന്ന് നാട്ടിലേക്കുളള വിമാനനിരക്കുകൾ ലക്ഷം രൂപ പിന്നിട്ടാലും അദ്ഭുതപ്പെടാനില്ലെന്നാണ് എയർ ട്രാവൽ ടിക്കറ്റിങ് എജൻസികളിൽ ഉളളവർ സൂചിപ്പിക്കുന്നത്.
ദുബായ് – കൊച്ചി നിരക്കുകൾ 30,000 രൂപ മുതൽ 77,000 രൂപ വരെയാണ് ഉയർന്നത്. മസ്ക്കറ്റിൽ നിന്നുള്ള കുറഞ്ഞ നിരക്ക് 22,000 രൂപയാണ്. വിദേശ വിമാനക്കമ്പനികളുടെ ചുവടുപിടിച്ച് എയർ ഇന്ത്യ, ഇൻഡിഗോ വിമാനക്കമ്പനികളും നിരക്കിൽ വർധന വരുത്തുന്നതാണ് പ്രവാസികളെ ഏറെ വലയ്ക്കുന്നത്. വർധിക്കുന്ന പ്രവർത്തനച്ചെലവ് പരിഹരിക്കാൻ ഇന്ധന സർച്ചാർജ് എന്ന പേരിലാണ് വിമാനക്കമ്പനികൾ നിരക്കു വർധന നടപ്പാക്കുന്നത്.
സീസണല്ലാത്ത സമയങ്ങളിൽ ജിദ്ദയിൽ നിന്ന് 15,000 രൂപയ്ക്കു വരെ ലഭിക്കുമായിരുന്ന ടിക്കറ്റുകൾക്കാണ് നാലിരട്ടിയോളം നിരക്ക് ഈടാക്കുന്നത്. ദുബായ് – കോഴിക്കോട് ടിക്കറ്റിന് സാധാരണ 10,146 എന്ന നിരക്കാണ് ശരാശരി വരുന്നതെങ്കിൽ വെള്ളിയാഴ്ച 43,781 രൂപ നൽകണം. അതേസമയം നാട്ടിൽ നിന്ന് ഗൾഫിലേക്ക് പോകാൻ 14,366 രൂപയാണ് ടിക്കറ്റ് നിരക്ക് വരുന്നത്. അബുദാബി – കോഴിക്കോട് ടിക്കറ്റിന് ശരാശരി 45,000 രൂപ വരെയാണ് നിലവിലെ നിരക്ക്.
സൗദിയിൽ നിന്നുളള ടിക്കറ്റ് നിരക്ക് 30,000 മുതൽ 55,000 രൂപ വരെയാണ് നൽകേണ്ടത്. അടിയന്തരമായി കേന്ദ്ര സർക്കാർ നിരക്കുവർധനയിൽ ഇടപെടണമെന്ന ആവശ്യമാണ് പ്രവാസി സംഘടനകൾ ഉയർത്തുന്നത്. സംസ്ഥാനത്തെ വിവിധ എംപിമാരോടും ഇക്കാര്യത്തിൽ ഇടപെടണം എന്ന് പ്രവാസി സംഘടനകൾ അഭ്യർഥിച്ചിട്ടുണ്ട്. ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ കമ്പനികൾ മുംബൈ വഴിയും എമിറേറ്റ്സ്, ഫ്ലൈദുബായ്, എയർ അറേബ്യ എന്നിവ കൊച്ചിയിൽ നിന്ന് നേരിട്ടും ഗൾഫിലേക്ക് വ്യാഴാഴ്ച സർവീസ് നടത്തി. റാസൽഖൈമയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിലേക്കു പ്രത്യേക സർവീസ് നടത്തി. 62,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.
വരുംദിനങ്ങളിൽ രാജ്യാന്തര സർവീസുകൾക്കൊപ്പം ആഭ്യന്തര സർവീസുകളിലും ഇന്ധന സർചാർജ് ഈടാക്കാൻ ഇടയുണ്ടെന്നും വിലയിരുത്തലുണ്ട്. ആഭ്യന്തര സർവീസുകളിൽ പിന്നിട്ട ദിവസങ്ങളിൽ തന്നെ 399 രൂപ വീതം സർചാർജ് ഏർപ്പെടുത്തി തുടങ്ങിയിരുന്നു. ഗൾഫ് മേഖലയ്ക്കൊപ്പം മറ്റ് വിദേശ റൂട്ടുകളിലും ദൂരത്തിന് അനുസൃതമായി ഇന്ധന സർചാർജിൽ മാറ്റം വരുന്നതോടെ 30 മുതൽ 40 വരെ നിരക്കുയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. സുരക്ഷാഭീഷണി മുൻനിർത്തി ഗൾഫ് മേഖലയിൽ നിന്നുള്ള സർവീസുകൾ ഗണ്യമായി വെട്ടിക്കുറച്ചതിനാൽ ലഭ്യമായ വിമാനങ്ങളിൽ വൻതോതിൽ ബുക്കിങ്ങും നടക്കുന്നുണ്ട്.

















































