കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകൾ കിട്ടാതായതോടെ രാജ്യം വൻ പ്രതിസന്ധിയിൽ. പ്രധാന നഗരങ്ങളിലടക്കം ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചുതുടങ്ങി. ബെംഗളൂരുവിൽമാത്രം നൂറു കണക്കിന് ഹോട്ടലുകളാണ് പൂട്ടിയിട്ടിരിക്കുന്നത്. കേരളത്തിൽ ഇന്നലെ ഇരുപത് ശതമാനം ഹോട്ടലുകൾ അടച്ചെന്നാണ് കണക്ക്. അടച്ച ഹോട്ടലുകളുടെ എണ്ണം ഇന്ന് ഉയരുകയാണ്.
നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിറകിന് ചെലവാകുന്ന അധികതുക സ്കൂളുകൾക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.വീട്ടാവശ്യത്തിനുള്ള സിലിണ്ടർ മുടങ്ങില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ എൽപിജിയുടെ കാര്യത്തിൽ ഒരുറപ്പും നൽകുന്നില്ല.
ബെംഗളൂരു, ചെന്നൈ അടക്കം നഗരങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. ഐ.ഒ.സി., ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികൾ എല്ലാം വാണിജ്യ സിലിണ്ടർ വിതരണം നിർത്തി വെച്ചു. വാണിജ്യ സിലിൻഡറുകളുടെ വിതരണം ആശുപത്രികൾ അടക്കമുള്ള അവശ്യ മേഖലയിൽ മാത്രമേ ഇപ്പോൾ നടക്കുന്നുളളൂ. പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ കടുത്ത നടപടികളുമായി ആന്ധ്രയിലെ ഹോട്ടലുകൾ രംഗത്ത് വന്നു. സ്വിഗ്ഗി, സോമാറ്റോ ഓർഡറുകൾക്കുള്ള ഇളവ് നിർത്തിവയ്ക്കാനാണ് തീരുമാനം. തിങ്കളാഴ്ചകളിൽ ഹോട്ടലുകൾ അടച്ചിടും. പ്രതിസന്ധി തുടർന്നാൽ ഓൺലൈൻ ഭക്ഷണ ആപ്പുകളോട് ‘നോ’ പറയാനാണ് ഹോട്ടലുകളുടെ തീരുമാനം. തെക്കൻ ദില്ലിയിലെ പല റസ്റ്റോറന്‍റുകളും പാചക വാതക ക്ഷാമത്തെ തുടർന്ന് ഇതിനകം അടച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം ഒരു ഗ്യാസ് സിലിണ്ടറിന് 5,000 രൂപയോളമാണ് ആവശ്യപ്പെടുന്നതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു
തമിഴ്‌നാട്ടിലും പാചകവാതക സിലിൻഡറുകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. പാചകവാതക എജൻസികളിൽ ചിലത് പൂട്ടി. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിൻഡറുകൾക്കാണ് പെട്ടെന്ന് ക്ഷാമം നേരിട്ടത്. ഇതോടെ ചായക്കടകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, കല്യാണ മണ്ഡപങ്ങളുടെ പ്രവർത്തനം എന്നിവ പ്രതിസന്ധിയിലായിരിക്കുകയാണ്. തുറന്നിരിക്കുന്ന ഹോട്ടലുകളിൽ ദീർഘ സമയം പാചകം ആവശ്യമായ വിഭവങ്ങൾ മെനുവിൽ നിന്നും വെട്ടിമാറ്റിയിരിക്കുകയുമാണ്.















































