ടെഹ്റാൻ: നെതന്യാഹു എവിടെ ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയരുന്ന ചോദ്യമാണിത്. ഇറാനിൽ യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ മുൻ അയത്തുള്ള ഖമേനി കൊല്ലപ്പെട്ടതു മുതൽ നെതന്യാഹുവിനെയും കുടുംബത്തെയും ഉന്നമിട്ട് ഇറാൻ കടുത്ത ആക്രമണങ്ങളാണ് നടത്തിവരുന്നത്. മാർച്ച് 2ന് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമിട്ട് ശക്തമായ മിസൈൽ ആക്രമണം നടത്തിയെന്നും ആ ആക്രമണത്തിൽ നെതന്യാഹുവിന് എന്തു സംഭവിച്ചുവെന്നത് അവ്യക്തമാണെന്നും അന്നു നടത്തിയ ആക്രമണത്തിൽ “കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിരിക്കാം” എന്നും ഇറാന്റെ വിപ്ലവ സേനയായ ഐആർജിസി അവകാശപ്പെടുകയുണ്ടായി. അതിനുശേഷം ഇസ്രായേൽ പ്രധാനമന്ത്രി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നില്ലയെന്നത് ചൂണ്ടിക്കാണിച്ച് ടെഹ്‌റാൻ മാധ്യമങ്ങൾ മുന്നോട്ടുവന്നു.
ആ ആക്രമണത്തിനുശേഷം വന്നിട്ടുള്ള നെതന്യാഹുവിന്റെ എല്ലാ പ്രസ്താവനകളും രേഖാമൂലമുള്ള രൂപത്തിൽ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളതെന്നും, വീഡിയോ അല്ലെങ്കിൽ ഫോട്ടോഗ്രാഫിക് സ്ഥിരീകരണമൊന്നും നൽകിയിട്ടില്ലെന്നും ഇറാനിയൻ മാധ്യമങ്ങൾ ഉദ്ധരിച്ചു. തസ്നിം വാർത്താ ഏജൻസി നെതന്യാഹുവിന്റെ സമീപകാല പൊതു തിരോധാനം, അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും കർശന സുരക്ഷ, നയതന്ത്ര യാത്രകൾ പെട്ടെന്ന് മാറ്റിവയ്ക്കൽ എന്നിവ ചൂണ്ടികാണിച്ചു. ഇതേതുടർന്ന് നെതന്യാഹു എവിടെയെന്ന ഊഹാപോഹങ്ങൾ ലോകമെങ്ങും പരന്നു.
ഇസ്രയേലിനെതിരെ ഇറാൻ മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണം തുടരുന്ന സാഹചര്യത്തിൽ, ബെഞ്ചമിൻ നെതന്യാഹുവിനെ വധിച്ചുവെന്ന അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അടുത്തിടെ, നെതന്യാഹുവിന്റെ സഹോദരൻ ഇദ്ദോ നെതന്യാഹു ടെൽ അവീവിൽ നടന്ന ഇറാനിയൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന മറ്റൊരു കൂട്ടം വൈറൽ പോസ്റ്റുകൾ ഉണ്ടായിരുന്നു. അതേ വ്യോമാക്രമണത്തിൽ ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗ്വിറിന് പരിക്കേറ്റതായും ചില പോസ്റ്റുകൾ അവകാശപ്പെട്ടു. എന്നാൽ ഇറാനിയൻ വ്യോമാക്രമണത്തിൽ ബെഞ്ചമിൻ നെതന്യാഹുവിനോ സഹോദരൻ ഇദ്ദോയ്‌ക്കോ പരിക്കേറ്റിട്ടില്ലാത്തതിനാൽ ഈ അവകാശവാദങ്ങൾ തെറ്റാണ്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനിടയിൽ, ഇറ്റാമർ ബെൻ ഗ്വിറിന് പരിക്കേറ്റുവെന്ന അവകാശവാദങ്ങൾ ശരിയല്ലയെന്ന വാദവും പുറത്തുവന്നിട്ടുണ്ട്.
ടെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേലിൽ നിന്ന് രഹസ്യമായി ജർമ്മനിയിലേക്ക് പോയതായി ഫ്ലൈറ്റ് റഡാർ ഡാറ്റ ഉദ്ധരിച്ച് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിപ്പിക്കാൻ തുടങ്ങി.
നിലവിൽ ഇസ്രയോൽ പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റുമുള്ള പ്രദേശം അസാധാരണമായ സുരക്ഷാ നടപടികൾക്ക് വിധേയമാക്കിയിട്ടുണ്ട്. അതേസമയം, അദ്ദേഹത്തെ സംബന്ധിച്ച് പ്രചരിക്കപ്പെടുന്ന അഭ്യൂഹങ്ങൾക്ക് ഔദ്യോഗിക വിശദീകരണമൊന്നും ഇസ്രയേൽ നൽകിയിട്ടില്ല.
ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ചുള്ള ഉന്നതതല ചർച്ചകൾ നടത്തുന്നതിനായി ഇസ്രായേൽ സന്ദർശിക്കാനിരിരുന്ന യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും യാത്ര പെട്ടെന്ന് റദ്ദാക്കിയത് നെതന്യാഹുവിന്റെ ജീവനെ സംബന്ധിച്ച ഊഹാപോഹങ്ങളുടെ ആക്കം വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇസ്രായേൽ മാധ്യമങ്ങൾ പ്രത്യേക വിശദീകരണമൊന്നുമില്ലാതെയാണ് യുഎസ് പ്രതിനിധി സംഘത്തിന്റെ സന്ദർശന റദ്ദാക്കൽ റിപ്പോർട്ട് ചെയ്തത്. അതുപോലെ തന്നെ യുഎസോ ഇസ്രായേൽ ഉദ്യോഗസ്ഥരോ അതിന്റെ കാരണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇറാനിയൻ എണ്ണ പ്ലാന്റുകൾക്കെതിരായ സൈനിക നടപടികളുടെ വ്യാപ്തി സംബന്ധിച്ച് യുഎസും ഇസ്രയേലും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെന്നും അതേതുടർന്നാകാം സന്ദർശന പരിപാടികൾ റദ്ദാക്കിയതെന്നും ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നു.
എന്തായാലും നെതന്യാഹുവിന്റെ പേരിൽ ഇറാൻ ഉയർത്തുന്ന അവകാശവാദങ്ങളെക്കുറിച്ച് ഇസ്രായേൽ അധികൃതരിൽ നിന്നോ നെതന്യാഹുവിന്റെ ഓഫീസിൽ നിന്നോ യാതൊരു നിഷേധവും പൂർണ്ണമായി ഇല്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. ആ നിശബ്ദത അഭ്യൂഹങ്ങൾ തഴച്ചുവളരുന്നതിനും കാരണമാകുന്നു.
















































