കൊളംബോ: ടി20 ലോകകപ്പിൽ നിന്ന് സെമി കാണാതെ ആതിഥേയരായ ശ്രീലങ്ക പുറത്ത്. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനോട് 61 റൺസിനു തോറ്റതോടെയാണ് ലങ്ക പുറത്തായത്. ന്യൂസിലൻഡ് ഉയർത്തിയ 169 റൺസ് ജയം പിന്തുടർന്ന ലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റിന് 107 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഈ ജയത്തോടെ ന്യൂസിലൻഡ് സെമി പ്രതീക്ഷ സജീവമാക്കി. അതേസമയം പാക്കിസ്ഥാന്റെ നില പരുങ്ങലിലായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ തുടക്കത്തിൽ തന്നെ കിവീസ് ബൗളർമാർ വിറപ്പിച്ചു. 29 റൺസിനിടെ ടീമിന് നാലുവിക്കറ്റുകൾ നഷ്ടമായി. കാമിന്ദു മെൻഡിസാണ് ടീമിന് അൽപ്പമെങ്കിലും ആശ്വാസമായത്. താരം 23 പന്തിൽ നിന്ന് 31 റൺസെടുത്തു. പിന്നാലെ വരവും പോക്കും ഒരുപോലെ കഴിഞ്ഞു. ഇതോടെ സ്കാർ . 77-7 എന്ന നിലയിലേക്ക് വീണു. പിന്നീട് ദുനിത് വെല്ലലഗയെ ചെറുത്തുനിന്നെങ്കിലും ഫലമുണ്ടായില്ല.
അതേസമയം ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 168 റൺസാണെടുത്തത്. ആദ്യഘട്ടത്തിൽ തകർച്ചനേരിട്ടെങ്കിലും ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറിന്റെ ഇന്നിങ്‌സാണ് കിവീസിനെ രക്ഷിച്ചത്. മുൻനിര ബാറ്റർമാർക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തത് തുടക്കത്തിൽ കിവീസിനെ പ്രതിരോധത്തിലാക്കി. ഫറിൻ അലൻ 13 പന്തിൽ നിന്ന് 23 റൺസെടുത്തപ്പോൾ രചിൻ രവീന്ദ്ര 22 പന്തിൽ നിന്ന് 32 റൺസെടുത്തു. ഗ്ലെൻ ഫിലിപ്‌സ് 18 റൺസെടുത്ത് മടങ്ങി.
ഇതോടെ ഒരു ഘട്ടത്തിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിലായിരുന്നു കിവീസ്. എന്നാൽ ഏഴാം വിക്കറ്റിൽ സാന്റ്‌നറും കോൾ മക്കൻജിയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ടീമിനെ വിജയത്തിലെത്തിച്ചു. 84 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. സാന്റ്‌നർ 26 പന്തിൽ നിന്ന് 47 റൺസും കോൾ 23 പന്തിൽ നിന്ന് 31 റൺസുമെടുത്തു. ലങ്കയ്ക്കായി മഹീഷ് തീക്ഷണയും ചമീരയും മൂന്ന് വീതം വിക്കറ്റെടുത്തു.
അതേസമയം ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ട് നേരത്തെ സെമിയിൽ കടന്നിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റുള്ള കിവീസാണ് രണ്ടാമത്. ഇത്രയും മത്സരങ്ങളിൽ നിന്ന് ഒരു പോയന്റ് മാത്രമുള്ള പാക്കിസാഥീൻ മൂന്നാമതാണ്. മാത്രമല്ല അടുത്ത മത്സരത്തിൽ ജയിച്ചാലും പാക്കിസ്ഥാൻ സെമിയിലെത്തുമെന്ന് ഉറപ്പില്ല. അടുത്ത മത്സരത്തിൽ കിവീസ് ജയിച്ചാൽ പാക് ടീം പുറത്താകും. ഇനി കിവീസ് തോറ്റാലും മികച്ച റൺറേറ്റുണ്ടെങ്കിലേ പാക്കിസ്ഥാൻ സൂപ്പർ 8 കടക്കൂ.
















































