ഭുവനേശ്വർ: ഭർത്താവിനെ കടിച്ചുകീറിയ കരടിയെ കോടാലികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് ഭര്‍ത്താവിന്റെ ജീവൻ രക്ഷിച്ച് ഭാര്യ. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഹാതിസാലബേദ വനത്തിലായിരുന്നു സംഭവം. മയൂർഭഞ്ചിലെ മിലു ഗ്രാമത്തിൽ താമസിക്കുന്ന ഗോത്രവിഭാഗക്കാരായ മാൾഡെ സോറനും(48) ഭാര്യ ലിലി സോറനും(41) ഇലകളും മറ്റും ശേഖരിക്കാനായാണ് വനത്തിൽ പോയത്.
ഉൾവനത്തിൽ എത്തിയപ്പോഴാണ് ഇവർക്കുമുന്നിൽ കരടിക്കൂട്ടം പ്രത്യക്ഷപ്പെട്ടത്. ആറ് കരടികളാണ് ദമ്പതിമാരുടെ മുന്നിലുണ്ടായിരുന്നത്. തൊട്ടുപിന്നാലെ കരടികളിലൊന്ന് മാൾഡെ സോറന് നേരേ ചാടിവീണ് കടിച്ചുകീറി. ഇതോടെയാണ് ഒപ്പമുണ്ടായിരുന്ന ലിലി സോറൻ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചത്.
കരടികളുടെ ആക്രമണത്തിൽ ഭയന്ന് പിന്തിരിഞ്ഞോടാൻ ശ്രമിക്കാതെ ലിലി സോറൻ ഭർത്താവിന്റെ പ്രാണൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി. ഒട്ടുംവൈകാതെ തന്റെ കൈയിലുണ്ടായിരുന്ന കോടാലി കൊണ്ട് ലിലി സോറൻ കരടിയെ തിരിച്ച് ആക്രമിച്ചു. വെട്ടേറ്റതോടെ കരടി മാൾഡെയെ ആക്രമിക്കുന്നതിൽനിന്ന് പിന്തിരിഞ്ഞു. പിന്നാലെ മുറിവേറ്റ കരടിയും മറ്റുകരടികളും വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാൾഡെ സോറനെ ആദ്യം കരഞ്ജിയ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കിയോഞ്ചാർ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.














































