കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും ആവേശമേറിയ പോരാട്ടത്തിൽ പാക്കിസ്ഥാനു മുന്നിൽ 176 റൺസ് വിജയലക്ഷ്യമുയർത്തി ടീം ഇന്ത്യ. 20 ഓവറിൽ ഇന്ത്യ ഏഴിന് 175 റൺസെടുത്തു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (0) നഷ്ടമായി. നാലു ബോൾ നേരിട്ട താരം ആഗയുടെ പന്തിൽ അഫ്രീദിക്ക് പിടികൊടുത്തു മടങ്ങുകയായിരുന്നു. അതേസമയം കഴിഞ്ഞ ആറ് കളികളെടുത്താൽ നാലു തവണയും സംപൂജ്യനായി ആണ് താരത്തിന്റെ മടക്കം.
അഭിഷേക് പുറത്തായെങ്കിലും ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇഷാൻ കിഷൻ (77) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ.40 ബോളിൽ 3 സിക്സും 10 ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
വെറും 27 പന്തിൽ അർധ സെഞ്ചുറി തികച്ച ഇഷാൻ, ഇന്ത്യ- പാക് ടി20 പോരാട്ടങ്ങളിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റി എന്ന റെക്കോർഡ് സ്വന്തമാക്കി. പവർപ്ലേ ഓവറുകളിൽ മാത്രം 42 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ, ഈ ഘട്ടത്തിൽ പാക്കിസ്ഥാനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന ശുഭ്മൻ ഗില്ലിന്റെ റെക്കോർഡും മറികടന്നു. അവസാനം സലീം അയൂബിന്റെ പന്തിൽ ബെയ്ൽ തെറിക്കുകയായിരുന്നു. ഇതടക്കം സായിം അയൂബ് മൂന്ന് വിക്കറ്റ് നേടി.
ഇന്ത്യൻ നിരയിൽ സൂര്യകുമാർ യാദവ് (29 പന്തിൽ 32), ശിവം ദുബെയും (17 പന്തിൽ 27), തിലക് വർമയും (24 പന്തിൽ 25) ഭേദപ്പെട്ട പ്രകടനം നടത്തി. റിങ്കു സിങ് 11 റൺസെടുത്ത് പുറത്താവാതെ നിന്നു. അതേസമയം അവസാന രണ്ടോവറിൽ ഇന്ത്യയുടെ മൂന്നു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അതേസമയം അഭിഷേക് കളത്തിലിറങ്ങിയതോടെ മലയാളി താരം സഞ്ജു സാംസൺ പുറത്തിരിക്കും. കുൽദീപ് യാദവും വരുൺ ചക്രവർത്തിയുമാണ് സ്പിന്നർമാർ. ബോളിങ്ങിൽ ജസ്പ്രീത് ബുമ്ര– അർഷ്ദീപ് സിങ് പേസ് ജോടിയും ഇന്ന് അങ്കത്തിനിറങ്ങി
ഉസ്മാൻ താരിഖ്, സയിം അയൂബ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, അബ്രാർ അഹമ്മദ് എന്നിങ്ങനെ 5 സ്പിന്നർമാരുമായാണ് കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാൻ ഇറങ്ങിയത്.
ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
പാക്കിസ്ഥാൻ പ്ലേയിങ് ഇലവൻ– സഹിബ്സദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സയിം അയൂബ്, സൽമാൻ ആഗ (ക്യാപ്റ്റൻ), ബാബർ അസം, ശതാബ് ഖാൻ, ഉസ്മാൻ ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷറഫ്, ഷഹീൻ ഷാ അഫ്രീദി, ഉസ്മാൻ താരിഖ്, അബ്രാർ അഹമ്മദ്.











































