ദില്ലി: തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ദില്ലിയിൽ ഊഷ്മള വരവേൽപ്പ്. ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലും രാത്രി പാർട്ടി ആസ്ഥാനത്തും സ്വീകരണം നല്കി. ദില്ലി മലയാളികളടക്കമുള്ള ബിജെപി പ്രവർത്തകർ മേയറുടെയും കൗൺസിലർമാരുടെയും വരവ് ആഘോഷമാക്കി.
സംഘം ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടിക്കാഴ്ച്ച നടത്തി. ദേശീയ ആസ്ഥാനത്ത് പഞ്ചവാദ്യവും താലപ്പൊലിയുമായാണ് സംഘത്തെ സ്വീകരിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തുടർ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നത് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ കൂടിക്കാഴ്ച്ചയിൽ നിർദേശിച്ചു. ഇന്ന് വൈകീട്ട് സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും.
വൈകീട്ട് നാല് മണിമുതൽ രണ്ട് മണിക്കൂറാണ് സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുക. മോദിയുടെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലാണ് കൂടികാഴ്ച.
രാവിലെ അമിത്ഷായുമായുള്ള കൂടിക്കാഴ്ച്ചയുണ്ട്. കേന്ദ്ര നഗരവികസന മന്ത്രി മനോഹർലാൽ ഖട്ടാർ നഗര വികസനത്തെകുറിച്ച് ക്ലാസെടുക്കും. ഉച്ചയ്ക്ക് പാർലമെന്റും സന്ദർശിക്കും. നാളെ രാഷ്ട്രപതി ഭവൻ സന്ദർശിക്കും, തുടർന്ന് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയെയും മറ്റ് ദേശീയ നേതാക്കളെയും കണ്ട് മടങ്ങും.
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിനിധീകരിച്ചു വിജയിച്ച 115 ജനപ്രതിനിധികളാണ് സംഘത്തിലുള്ളത്. യാത്ര ധൂർത്താണെന്ന പ്രചാരണം കള്ളമാണെന്നും നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചകളിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും വിവി രാജേഷ് പ്രതികരിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ വിജയവും, തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനവും ദേശീയ തലത്തിൽ ചർച്ചയാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പടുക്കവേ ജന പ്രതിനിധികളിലൂടെ പ്രചാരണം കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നു.
















































