കാസർകോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും തോറ്റുകഴിയുമ്പോൾ പിണറായി വിജയൻ കണ്ടംവഴി ഓടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി യുഡിഎഫിന്റെ യാത്രകളെ ശ്രദ്ധിക്കുന്നുണ്ടെന്ന് മാത്രമല്ല, അവിടെ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ എന്തെല്ലാമായിരിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. ആ ഉപദേശങ്ങളൊക്കെ ഞങ്ങൾ സ്വീകരിക്കാമെന്നും സതീശൻ പരിഹസ രൂപേണ പറഞ്ഞു.
‘‘എൽഡിഎഫ് ഇപ്പോൾ ന്യൂനപക്ഷ പ്രീണനം കഴിഞ്ഞ് ഭൂരിപക്ഷ പ്രീണനത്തിന് ഇറങ്ങിയിരിക്കുകയാണ്. നിലവിൽ രണ്ടുകൂട്ടരും ഇല്ലാതായ അവസ്ഥയാണ്. എന്താണ് പറയുന്നത്, എന്താണ് പ്രവർത്തിക്കുന്നത്, പണ്ട് എന്താണ് പറഞ്ഞത് എന്നതൊക്കെ ഇടതുപക്ഷം മറന്നു. അല്ലെങ്കിൽ മറന്നതായി അഭിനയിക്കുകയാണ്. ഞങ്ങൾ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോൾ അത് എം.വി. ഗോവിന്ദനെ പോലെ ഉള്ളവർക്ക് ദഹിക്കാൻ ബുദ്ധിമുട്ടാണ്. 100 അല്ല 110 ആയിരിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി. 110 തന്നെ ആയിരിക്കും, അതുപക്ഷേ തോറ്റുകഴിയുമ്പോൾ പിണറായി വിജയൻ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും.
ഒരു സമുദായ സംഘടനകളുടെയും ആഭ്യന്തരകാര്യങ്ങളിൽ ഞങ്ങൾ ഇടപെടാറില്ല. കാരണം ഞങ്ങൾക്ക് വേറെ പണിയുണ്ട്. കുറ്റം പറച്ചിൽ സ്ഥിരമാക്കിയവർക്ക് പരസ്പരം പഴിചാരാം, ഒത്തുചേരാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. അത്തരം കാര്യങ്ങളിലെല്ലാം അഭിപ്രായം പറയേണ്ട ആവശ്യമെന്താണ് ? അങ്ങനെ അഭിപ്രായം പറയേണ്ടവരല്ല രാഷ്ട്രീയ നേതാക്കൾ.പ്രത്യേകിച്ച് പ്രതിപക്ഷ നേതാവിന്റെ ജോലി അതല്ല. എൻഎസ്എസിലോ എസ്എൻഡിപിയിലോ സമസ്തയിലോ എന്തെങ്കിലും തീരുമാനം എടുത്താൽ നിങ്ങൾ ഉടനെ എന്റെയടുത്തേക്ക് വരും, അതിലൊന്നും അഭിപ്രായം പറയേണ്ട ആളല്ല ഞാൻ. സൂര്യനു കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും, ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതികരണം നടത്തേണ്ട ആളല്ല പ്രതിപക്ഷ നേതാവ്. ഓരോ സംഘടനകളുടെയും ആഭ്യന്തരകാര്യങ്ങൾ അവരവർ നോക്കിക്കോളും. അവരുടെ പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിച്ചോളും. സതീശൻ പറഞ്ഞു
പുതുയുഗ യാത്ര എന്നു പറഞ്ഞാൽ, കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോൾ അത് എല്ലാവർക്കും മനസിലായിക്കോളുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.












































