ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ പരാതിയിൽ ഹേഗിലെ ആർബിട്രേഷൻ കോടതി (CoA) പുറപ്പെടുവിച്ച ഉത്തരവുകൾ തള്ളി ഇന്ത്യ. കോടതി നടത്തുന്ന നടപടികൾ നിയമവിരുദ്ധമാണെന്ന് ആവർത്തിച്ച ഇന്ത്യ, കോടതിയുടെ പ്രവർത്തനങ്ങൾക്കോ ഉത്തരവുകൾക്കോ നിയമസാധുതയില്ലെന്നും അതിനാൽതന്നെ കോടതി നിർദേശപ്രകാരമുള്ള രേഖകൾ ഹാജരാക്കാനോ വാദങ്ങളിൽ പങ്കെടുക്കാനോ ഇന്ത്യ തയ്യാറല്ലെന്നും സർക്കാർ അറിയിച്ചു.
അതേസമയം 2025 ഏപ്രിൽ 23ന്, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെ, ഇന്ത്യ ഇൻഡസ് ജല ഉടമ്പടി റദ്ദാക്കുകയായിരുന്നു. 1960ൽ ഒപ്പുവെച്ച ഉടമ്പടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം. ഭീകരവാദത്തെ സർക്കാർ നയമായി പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ സഹകരണം തുടരാനാവില്ലെന്ന ശക്തമായ സന്ദേശമായിരുന്നു ഇത്.
പാക്കിസ്ഥാന്റെ ആശങ്ക
പാക്കിസ്ഥാന്റെ കൃഷിയുടെ 80–90 ശതമാനവും ഇൻഡസ് നദീതടത്തെ ആശ്രയിച്ചാണുള്ളത്. ജലസംഭരണ ശേഷി ഒരു മാസത്തോളം മാത്രമാണെന്നും, ടർബേല, മംഗ്ല ഡാമുകൾ ‘ഡെഡ് സ്റ്റോറേജ്’ നിലയിലേക്കാണെന്നും റിപ്പോർട്ടുകളുണ്ട്. സാങ്കേതിക കരാറായിരുന്ന വിഷയം ഇപ്പോൾ തന്ത്രപ്രധാന സമ്മർദ്ദായുധമായി മാറിയിരിക്കുകയാണ്.
ജനുവരി 24 ന് ഹേഗിലെ ആർബിട്രേഷൻ കോടതി പുറപ്പെടുവിച്ച ഉത്തരവിൽ, ഇന്ത്യ പങ്കെടുക്കാത്ത പക്ഷം പാക്കിസ്ഥാൻ മാത്രം നേരിട്ട് വാദം അവതരിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി. പിന്നാലെ, ഇന്ത്യ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ “അഡ്വേഴ്സ് ഇൻഫറൻസ്” എടുക്കുമെന്നും, ന്യൂട്രൽ എക്സ്പർട്ട് നടപടികളിലൂടെ പാക്കിസ്ഥാൻ സമർപ്പിക്കുന്ന രേഖകൾ പരിഗണിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ഉടമ്പടി അബേയൻസിലാക്കിയെന്ന ഇന്ത്യയുടെ നിലപാട് കോടതിയുടെ അധികാരത്തെ ബാധിക്കുന്നില്ലെന്നും CoA വ്യക്തമാക്കി. ഇതോടെ കോടതി ഉത്തരവ് തള്ളുകയാണെന്ന് ഇന്ത്യ അറിയിച്ചു. അതേസമയം ഹേഗിൽ നടക്കുന്നത് വെറും ജലവൈദ്യുത കണക്കുകളുടെ നിയമ പോരാട്ടമല്ല. ദശകങ്ങളായുള്ള നിയന്ത്രണത്തിനു ശേഷം ഇന്ത്യ ജല ഉടമ്പടിയെ നയതന്ത്ര ആയുധമാക്കുന്ന ആദ്യ വലിയ പരീക്ഷണമാണിത്. പാക്കിസ്ഥാനുവേണ്ടി വിഷയം അന്താരാഷ്ട്രവത്കരിക്കുക അത്യാവശ്യമാണ്, ഇന്ത്യയ്ക്ക് ഇതിൽ നിന്ന് പിന്മാറുക തന്ത്രപരമായ തീരുമാനമാണ്.
ഇന്ത്യയുടെ ബഗ്ലിഹാർ, കിഷൻഗംഗ ജലവൈദ്യുത പദ്ധതികളുടെ ലോഗ് ബുക്കുകൾ ഹാജരാക്കാനാണ് ആർബിട്രേഷൻ കോടതി നിർദ്ദേശിച്ചിരുന്നു. ഈ പദ്ധതികളിലെ ജലസംഭരണത്തിന്റെ അളവ് പരിശോധിക്കാനായിരുന്നു കോടതിയുടെ ഈ നീക്കം. എന്നാൽ, കോടതിയുടെ ഉത്തരവുകൾക്ക് നിയമസാധുതയില്ലാത്തതിനാൽ ലോഗ് ബുക്കുകൾ ഹാജരാക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
സാങ്കേതിക തർക്കങ്ങൾ പരിഹരിക്കാൻ ‘സ്വതന്ത്ര വിദഗ്ദ്ധനെ’ നിയമിക്കുന്നതിന് പകരം പാക്കിസ്ഥാൻ ആർബിട്രേഷൻ കോടതിയെ സമീപിച്ചത് കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ഫെബ്രുവരി 2, 3 തീയതികളിൽ കോടതി വാദം കേൾക്കാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അതിൽ പങ്കെടുക്കില്ല,. ഇന്ത്യയുടെ അഭാവത്തിൽ പാക്കിസ്ഥാന്റെ വാദങ്ങൾ മാത്രം കേട്ട് നടപടികളുമായി മുന്നോട്ട് പോകാനാണ് കോടതിയുടെ നീക്കം. അങ്ങനെവന്നാൽ ഈ നടപടികൾ ഒറ്റപക്ഷ നിയമ രേഖകളായി മാറാനുള്ള സാധ്യതയേറെയാണ്.















































