ന്യൂഡൽഹി: പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. ട്രെയിൻ യാത്രകളിലും അടിസ്ഥാന സൗകര്യങ്ങളിലും ഉൾപ്പെടെ അനവധി മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. പുതിയ തീരുമാനം വന്നിരിക്കുന്നത് ട്രെയിനുകളിലെ സ്ലീപ്പർ, എസി കോച്ചുകളിലെ ലോവർ ബെർത്ത് സംബന്ധിച്ചാണ്. യാത്രക്കാർക്കായുള്ള സീറ്റ് വിഹിതത്തിലാണ് സുപ്രധാനമായ ഒരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്. കിടന്ന് യാത്ര ചെയ്യാനുള്ള സൗകര്യമുള്ള കോച്ചുകളിൽ ലോവർ ബെർത്തുകൾക്കാണ് എല്ലായിപ്പോഴും ആവശ്യക്കാർ കൂടുതലുള്ളത്.
എന്നാൽ യാത്രക്കാരുടെ യാത്രാസുഖവും സൗകര്യവും കണക്കിലെടുത്ത് മുതിർന്ന പൗരന്മാർ, സ്ത്രീകൾ, വികലാംഗർ എന്നിവർക്കുള്ള ലോവർ ബെർത്തുകളുടെ വിഹിതം ഇന്ത്യൻ റെയിൽവേ വർദ്ധിപ്പിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ അറിയിച്ചു. അപ്പർ ബെർത്ത്, മിഡിൽ ബെർത്ത് എന്നിവകളിൽ കയറാനുള്ള ഈ വിഭാഗങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പരിഹാരമാർഗം നിശ്ചയിച്ചിരിക്കുന്നത്.
ഇതിനായി സീറ്റ് വിഹിതത്തിന് ഒരു ഓട്ടോമാറ്റിക് സംവിധാനം ഒരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. 45 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ, മുതിർന്ന പൗരൻമാർ (ആൺ 60 വയസിന് മുകളിൽ, പെൺ 58 വയസിന് മുകളിൽ) എന്നിവർക്ക് ഇവർ ബുക്കിംഗ് സമയത്ത് ആവശ്യപ്പെട്ടില്ലെങ്കിലും ലഭ്യത അനുസരിച്ച് ലോവർ ബെർത്ത് ലഭിക്കുന്നതാണ് പുതിയ സംവിധാനം. യാത്രയ്ക്കിടെ ലോവർ ബെർത്തുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മുതിർന്ന പൗരൻമാർ, വികലാംഗർ, ഗർഭിണികൾ എന്നിവർക്ക് മുൻഗണന നൽകും.
ഓട്ടോമാറ്റിക് സംവിധാനത്തിന്റെ ഭാഗമായി വിവിധ കമ്പാർട്‌മെന്റുകളിൽ മാറ്റിവയ്ക്കാൻ ഉദ്ദശിക്കുന്ന ലോവർ ബെർത്തുകളുടെ എണ്ണം ചുവടെ
സ്ലീപ്പർ: ആറ് മുതൽ ഏഴ് വരെ, തേർഡ് എസി: നാല് മുതൽ അഞ്ച് വരെ, സെക്കന്റ് എസി: മൂന്ന് മുതൽ നാല് വരെ.