ന്യൂഡൽഹി: ഓൺലൈൻ ഹർജിക്ക് തുടക്കമിട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ. യുവാക്കളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളായ വിദ്യാഭ്യാസം, തൊഴിലില്ലായ്മ, വർധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയിൽ ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായ നിലപാട് വ്യക്തമാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
‘ഈ സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ഞങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു’ എന്ന് ഹർജി പങ്കുവെച്ച് ദിപ്കെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, ജീവിതച്ചെലവ് എന്നീ മേഖലകളിൽ യുവാക്കൾക്കായി സർക്കാർ സ്വീകരിക്കുന്ന നടപടികൾ പ്രധാനമന്ത്രി വിശദീകരിക്കണമെന്നും ഹർജിയിൽ ഒപ്പുവെക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന 36 ദിവസം നീണ്ട പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകിയത് സി.ജെ.പിയായിരുന്നു. രാജ്യവ്യാപക ശ്രദ്ധ നേടിയ പ്രതിഷേധത്തെ തുടർന്ന് ജൂലൈ 25ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. പരീക്ഷാ പരിഷ്കരണങ്ങൾ നടപ്പാക്കാമെന്ന സർക്കാരിന്റെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
പരീക്ഷാ വിഷയത്തിൽ മാത്രം ഒതുങ്ങാതെ, രാജ്യത്തെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് സംഘടനയുടെ തീരുമാനം.
ഓഗസ്റ്റ് 5, 6 തീയതികളിൽ ഛത്രപതി സംഭാജിനഗറിൽ ചേർന്ന സി.ജെ.പി ദേശീയ വർക്കിങ് കമ്മിറ്റി യോഗത്തിൽ ‘ക്യാ ബോൽതീ പബ്ലിക്’ എന്ന പേരിൽ ദേശീയ ലിസണിങ് ടൂറും വിദ്യാഭ്യാസ പരിഷ്കരണ പ്രചാരണവും പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുന്ന പര്യടനത്തിലൂടെ രാജ്യത്തുടനീളമുള്ള യുവാക്കളുടെ അഭിപ്രായങ്ങൾ ശേഖരിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ജനകീയ ‘യൂത്ത് റീഫോം ചാർട്ടർ’ രൂപീകരിക്കുകയും ചെയ്യും.





