തൃശ്ശൂർ: ഭാര്യയെ അതിക്രീര മർദ്ദനത്തിനിരയാക്കിയെന്ന പരാതിയിൽ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെത്താൻ താമസിച്ചുവെന്നാരോപിച്ച് ശ്രീകുമാർ ഭാര്യ പ്രിയങ്കയെ തല്ലുകയായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. നിന്റെ തോന്ന്യാസത്തിന് കയറി വരാൻ ഇതെന്താ സത്രമാണോയെന്നു ചോദിച്ചായിരുന്നു മർദ്ദനമെന്നും രണ്ടു കൈയ്യും കൊണ്ട് കരണത്ത് ആഞ്ഞടിച്ചുവെന്നും പ്രിയങ്ക മതിലകം പോലീസിനു നല്കിയ പരാതിയിൽ പറയുന്നു. ഇടതു കണ്ണിനു സമീപം അടിച്ചു, മുടിയ്ക്ക് കുത്തി പിടിച്ചു; തലയ്ക്കടിച്ചു, ഭിത്തിയിൽ തലയിടിപ്പിക്കാൻ ശ്രമിച്ചുവെന്നും മൊഴിയുണ്ട്.
കൊലക്കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശ്രീകുമാർ സ്വന്തം ഭാര്യയെ മൃഗീയമായി ഉപദ്രവിച്ചതിന് ഉടൻ അറസ്റ്റു ചെയ്യണമെന്നും കേന്ദ്രത്തിലെ പിടിപാട് വച്ച് ഇയാൾ കേസിൽ നിന്നും ഊരിപ്പോരുമെന്നും പറഞ്ഞ് സിപിഎം കൊടുങ്ങല്ലൂർ ഏരിയക്കമ്മിറ്റി രംഗത്തു വന്നിട്ടുണ്ട്.















































