വടകര: പാവപ്പെട്ട വൃക്കരോഗികളുടെ സൗജന്യ ഡയാലിസിസ് ചികിത്സ നിലയ്ക്കാതിരിക്കാൻ വടകര, ഞായറാഴ്ച താഴെഅങ്ങാടി ബീച്ചിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. അവർ ആ കടൽക്കരയിൽ ‘തണലി’ന്റെ മുറ്റത്ത് ഒത്തുചേർന്ന് സൊറ പറഞ്ഞ് ഓരോ ചായയും കുടിച്ച് കാശും കൊടുത്ത് അവർ യാത്രയായി. പക്ഷെ ആ ചായയ്ക്ക് ലക്ഷങ്ങളല്ല കോടിരൂപയായിരുന്നു വില.
‘തണൽ ചായ’ എന്നപേരിൽ ഞായറാഴ്ച സംഘടിപ്പിച്ച ചായപ്പയറ്റിലൂടെ വടകര വീണ്ടും ചരിത്രമെഴുതി. അറബിക്കടലിന്റെ തീരത്ത് സുമനസ്സുകൾചേർന്ന് സ്നേഹക്കടൽതന്നെ തീർത്തതോടെ പിരിഞ്ഞുകിട്ടിയത് ഒരു കോടി രൂപ.
295 പേർ ഡയാലിസിസ് ചെയ്യുന്ന ഇന്ത്യയിലെതന്നെ വലിയ ഡയാലിസിസ് സെന്ററാണ് വടകരയിലേത്. ഒരുവർഷത്തെ പ്രവർത്തനത്തിനുമാത്രം ഏഴുകോടി രൂപവേണം. നിലവിൽ ഒന്നരക്കോടിയോളം രൂപ കടബാധ്യത തണലിനുണ്ട്. ഇത് തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് തണൽ ചായപ്പയറ്റ് നടത്തിയത്.
കഴിഞ്ഞവർഷവും ഇതുപോലെ തണൽ ചായപ്പയറ്റ് സംഘടിപ്പിച്ചിരുന്നു. അന്നു കിട്ടിയത് 26 ലക്ഷം രൂപയായിരുന്നു. എന്നാൽ ഇന്നത് ഒരു കോടി രൂപയിലെത്തി. ഞായറാഴ്ച സംഘാടകരുടെ എല്ലാപ്രതീക്ഷകളും തെറ്റിച്ചാണ് തണലിന് തണലേകാൻ ജനം ഒഴുകിയത്. പതിനായിരത്തോളംപേർ ചായ കുടിക്കാനെത്തിയെന്നാണ് കണക്ക്.
ഞായറാഴ്ചമാത്രം 60 ലക്ഷം രൂപ 12 കൗണ്ടറുകളിലായി ലഭിച്ചു. 40 ലക്ഷം രൂപയുടെ വാഗ്ദാനവും ലഭിച്ചു. ഇതോടെ ബാധ്യത ഒരുപരിധിവരെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിപ്രകാരം ഒരു ഡയാലിസിസിന് ലഭിക്കുക 810 രൂപയാണ്. എന്നാൽ, തണലിന് ഒരു ഡയാലിസിസിന് 1300 രൂപ ചെലവുണ്ട്. 500 രൂപയോളം തണൽ വഹിക്കുകയാണ് ചെയ്യുന്നത്. ഇതോടെയാണ് വലിയബാധ്യത വന്നത്. സാമ്പത്തികബാധ്യത കാരണം ഡയാലിസിസ് എങ്ങനെ തുടരുമെന്നത് രോഗികൾക്കും തണൽ പ്രവർത്തകർക്കും മുന്നിൽ വലിയ ചോദ്യചിഹ്നമായിരുന്നു. ഇതിനാണ് ജനം ഞായറാഴ്ച ഉത്തരം നൽകിയത്.
അതേസമയം നാലുമണി മുതൽ രാത്രി ഒൻപതുവരെയാണ് ചായപ്പയറ്റ് തീരുമാനിച്ചത്. എന്നാൽ, മൂന്നുമണിയോടെ തന്നെ കടപ്പുറത്തേക്ക് ജനം ഒഴുകിയെത്തി. ചില സമയങ്ങളിൽ ആളുകളുടെ എണ്ണക്കൂടുതൽ കാരണം ഭാരവാഹികൾക്ക് ഇവരെ നിയന്ത്രിക്കേണ്ടിവന്നു. ആളുകൂടിയതോടെ പണം സ്വീകരിക്കാൻ ക്യുആർ കോഡ് സ്കാനറുമായി വൊളന്റിയർമാർ സജീവമായി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഇത് നിയന്ത്രിക്കാൻ നാട്ടുകാരും രംഗത്തിറങ്ങി. ചായയ്ക്കു പുറമേ പലഹാരവും തണൽ നൽകി. തണൽ വൊളന്റിയർമാർ വീടുകളിൽനിന്ന് തയ്യാറാക്കി കൊണ്ടുവന്നതായിരുന്നു പലഹാരം.
തണലിന്റെ ഭാവിപ്രവർത്തനങ്ങൾക്ക് വലിയ ഊർജംകിട്ടിയ സംരംഭമായി ചായപ്പയറ്റ്. ധൈര്യത്തോടെ മുന്നോട്ടുപോകാൻ ജനം ഞങ്ങൾക്ക് നൽകിയ പ്രചോദമാണിത്. തണലിൽ ഡയാലിസിസിനായി കാത്തിരിക്കുന്ന ഒരു രോഗി പോലും ഇനിയുണ്ടാകില്ല. വെയ്‌റ്റിങ് ലിസ്റ്റിലുള്ള എല്ലാവർക്കും ഡയാലിസിസ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തും. ഇനിയും ബാധ്യത കൂടുമെങ്കിലും ജനം ഒപ്പമുള്ളതിനാൽ അതെല്ലാം മറികടക്കാൻ കഴിയും.-ഡോ. വി. ഇദ്രിസ് (ചെയർമാൻ, ‘തണൽ’) പറഞ്ഞു.














































