ലക്നൗ: ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്ലിനിക്ക് ഉടമയും മരുമകനും യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. മൂത്രത്തിൽ കല്ല് നീക്കം ചെയ്യുന്നതിനിടെ മുനിഷ്ര റാവത്ത് എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ ക്ലിനിക്കിന്റെ ഉടമ ഗ്യാൻ പ്രകാശ് മിശ്രയ്ക്കും മരുമകൻ വിവേക് കുമാർ മിശ്രയ്ക്കും എതിരെ പോലീസ് കേസെടുത്തു. ഒളിവിൽപോയ ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
ഡിസംബർ അഞ്ചിന് ഭർത്താവ് തേബഹദൂർ റാവത്ത് ഭാര്യ മുനിഷ്ര റാവത്തിനെ ക്ലിനിക്കിൽ എത്തിച്ചു. വയറുവേദനയ്ക്ക് കാരണം മൂത്രത്തിൽ കല്ലുകളാണെന്ന് പറഞ്ഞ ക്ലിനിക്ക് ഉടമ ഗ്യാൻ പ്രകാശ് മിശ്ര ശസ്ത്രക്രിയ നിർദ്ദേശിച്ചു. 25,000 രൂപ ചെലവ് വരുമെന്നും അറിയിച്ചു. ശസ്ത്രക്രിയക്ക് മുൻപ് ഭർത്താവ് 20,000 രൂപ ഫീസ് അടച്ചതായി പോലീസ് പറയുന്നു.
എന്നാൽ ഓപ്പറേഷൻ സമയത്ത് ഗ്യാൻ പ്രകാശ് മിശ്ര മദ്യലഹരിയിലായിരുന്നെന്നും, ശസ്ത്രക്രിയ സംബന്ധിച്ച യൂട്യൂബ് വീഡിയോ കണ്ടതായും ഭർത്താവ് പോലീസിനു മൊഴി നൽകി. വീഡിയോ കണ്ടശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചത്. മിശ്ര തൻറെ ഭാര്യയുടെ വയറ്റിൽ ആഴത്തിൽ മുറിവുണ്ടാക്കിയെന്നും നിരവധി ഞരമ്പുകൾ മുറിച്ചെന്നും ഭർത്താവിന്റെ മൊഴിയിലുണ്ട്. ഡിസംബർ ആറിന് വൈകുന്നേരം യുവതി മരിച്ചു.
അതേസമയം ശസ്ത്രക്രിയ നടത്തുമ്പോൾ മിശ്രയുടെ മരുമകൻ വിവേക് കുമാർ മിശ്ര സഹായിയായി ഉണ്ടായിരുന്നു. വിവേക് കുമാർ മിശ്ര റായ്ബറേലിയിലെ ഒരു ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനാണ്. സർക്കാർ ജോലിയുടെ മറവിലാണ് അനധികൃത ക്ലിനിക്ക് വർഷങ്ങളായി പ്രവർത്തിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. ക്ലിനിക്ക് പോലീസ് അടച്ചുപൂട്ടി.

















































