ചെന്നൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസൺ അടുത്ത ഐപിഎൽ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സിലെത്തുമെന്ന അഭ്യൂഹങ്ങൾങ്ങൾ മറുപടിയുമായി ചെന്നൈ ടീമിലെ ഉന്നതൻ. സഞ്ജുവിനെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് ചെന്നൈ ടീമിലെ ഉന്നതൻ പറഞ്ഞതായി ക്രിക് ബസാണ് റിപ്പോർട്ട് ചെയ്തത്.
തീർച്ചയായും ഞങ്ങൾക്ക് സഞ്ജുവിൽ താൽപര്യമുണ്ട്. സഞ്ജു ഇന്ത്യൻ ബാറ്ററും ഓപ്പണറും വിക്കറ്റ് കീപ്പറുമാണ്. അതുകൊണ്ട് തന്നെ സഞ്ജുവിനെ ടീമിലെത്തിക്കാൻ അവസരം വന്നാൽ അത് ഉപയോഗിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ആ ഉന്നതൻ പറഞ്ഞതായാണ് ക്രിക് ബസ് റിപ്പോർട്ട് ചെയ്തത്.
അതേസമയം സഞ്ജുവിനെ കളിക്കാരുടെ കൈമാറ്റത്തിലൂടെയോ, ലേലത്തിലോ സ്വന്തമാക്കേണ്ടത് എന്നൊന്നും ഇപ്പോൾ തീരുമാനിച്ചിട്ടില്ല. ചർച്ചകൾ എന്തായാലും അതുവരെ എത്തിയിട്ടില്ല. പക്ഷെ തത്വത്തിൽ സഞ്ജുവിനെ ടീമിലെത്തിക്കുന്നതിൽ ഞങ്ങൾക്ക് താൽപര്യമുണ്ട്- ചെന്നൈ ടീമിൻറെ തീരുമാനങ്ങളെടുക്കുന്നതിൽ കൂടി ഭാഗമായ ഉന്നതൻ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയിൽ പറഞ്ഞു.
ഈ സീസൺ കഴിഞ്ഞപ്പോൾ മുതൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസൺ അടുത്ത ഐപിഎൽ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. കഴിഞ്ഞ ഐപിഎൽ സീസണിൽ ചരിത്രത്തിലാദ്യമായി പോയൻറ് പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിംഗ്സ് ഫിനിഷ് ചെയ്തത്. നായകൻ റുതുരാജ് ഗെയ്ക്‌വാദിന് പരുക്കേറ്റതോടെ സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും എം എസ് ധോണിയാണ് ചെന്നൈയെ നയിച്ചത്. ഈ സാഹചര്യത്തിൽ അടുത്ത സീസണിൽ സഞ്ജുവിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് ശ്രമം തുടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
സഞ്ജുവിമ്പകരം രാജസ്ഥാന് നൽകാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനും മിഡിൽ ഓർഡറിലെ ഇടംകയ്യൻ ബാറ്റർ ശിവം ദുബെയുമാണെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു.