തിരുവനന്തപുരം: താൻ എല്ലാവരെയും കൊലപ്പെടുത്താൻ ആദ്യം ഇരുമ്പുകമ്പി വാങ്ങാനാണ് ഉദ്ദേശിച്ചത്. പക്ഷെ കൊണ്ടു നടക്കാൻ എളുപ്പത്തിനാണ് ചുറ്റിക വാങ്ങിയതെന്ന് അഫാൻ പോലീസിനു നൽകിയിരിക്കുന്ന മൊഴി. അതേസമയം കൊലപ്പെടുത്തുന്ന രീതിയും മറ്റും ഇന്റർനെറ്റിൽ തിരഞ്ഞിട്ടില്ലെന്നു മൊബൈൽ പരിശോധനയിൽ പോലീസ് കണ്ടെത്തി. ഇനി മുന്നോട്ടുപോകാൻ കഴിയാത്തവിധം കടം വന്നതിനാലാണ് കൊലപ്പെടുത്താൻ എല്ലാവരേയും തീരുമാനിച്ചത്. ഉമ്മ ഷെമി, സഹോദരിയുടെ കയ്യിൽനിന്ന് 30 പവൻ സ്വർണം വാങ്ങി പണയംവച്ചിരുന്നു. അവരുടെ വീടിന്റെ ആധാരവും വാങ്ങി പണയംവച്ചു. അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇതെല്ലാം തിരികെ നൽകണമായിരുന്നു. അതിന് ഒരു മാർഗവുമില്ല. ഇതിനുപുറമെ, പിതാവിന്റെ സഹോദരന്റെ കയ്യിൽനിന്നും 10 ലക്ഷം രൂപ വാങ്ങിയെന്നും പ്രതി അഫാൻ തെളിവെടുപ്പിനിടെ മൊഴി നൽകി.
കൂടാതെ ദിവസവും പലിശ നൽകുന്ന രീതിയിൽ ബ്ലേഡ് പലിശക്കാരിൽനിന്നാണ് കൂടുതൽ പണവും വാങ്ങിയതെന്നും അന്വേഷണസംഘത്തിന് നൽകിയ മൊഴിയിലുണ്ട്. അഫാൻ രണ്ടര ലക്ഷത്തിന്റെ ബൈക്കും പിന്നീട് കാറും വാങ്ങിയതോടെയാണ് കടം നൽകിയവർ സമ്മർദം ചെലുത്തിയത്. ഇതിനിടെ സുഹൃത്ത് ഫർസാനയിൽനിന്നു വാങ്ങിയ മാല ഫർസാനയും തിരികെ ചോദിച്ചിരുന്നു. പിതാവ് അറിയാതെയാണ് ഫർസാന അഫാന് മാല കൈമാറിയത്. പിതാവ് കണ്ടുപിടിക്കുമെന്ന് പറഞ്ഞാണ് ഫർസാന സമ്മർദം ചെലുത്തിയത്. ഇതോടെ കൂടുതൽ സമ്മർദത്തിലായി
അതേസമയം അഫാൻ പറഞ്ഞ 70 ലക്ഷത്തിന്റെ കടം അന്വേഷണസംഘവും സ്ഥിരീകരിച്ചു. അഫാന്റെയും ഷെമിയുടെയും മൊബൈലിൽനിന്നാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ഷെമി ചിട്ടി നടത്തിയും സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നാണ് വിവരം. എന്നാൽ അഫാന്റെ പിതാവ് ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, അഫാന്റെ പിതാവ് കുറച്ചു പണം നാട്ടിലേക്ക് അയച്ചുവെന്നാണ് മൊഴി നൽകിയത്. എന്നാൽ ബാങ്ക് രേഖകളിൽ ഇതു കാണുന്നില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.
പോലീസിനെ കണ്ട് ഭയന്നോടിയ പ്രതി എംഡിഎംഎ അടങ്ങിയ പൊതി വിഴുങ്ങി, ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
തെളിവെടുപ്പ് പൂർത്തിയാക്കി അഫാനെ ജയിലിലേക്ക് മടക്കിയയച്ച ശേഷം വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങും. അഫാന്റെ മാനസികനില വിശദമായി പരിശോധിക്കാനാണ് പോലീസ് തീരുമാനം. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഡിഎംഒയ്ക്ക് ഉടൻ കത്തുനൽകും. ഡോക്ടർമാരുടെ സംഘത്തെ രൂപീകരിച്ചാൽ ഇക്കാര്യം കോടതിയിൽ അറിയിച്ച് അഫാനെ വീണ്ടും പുറത്തിറക്കാനാണ് പൊലീസ് തീരുമാനം.