കൊല്ലം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി മത്സരിക്കുന്ന കാര്യത്തിൽ തന്നെ തീരുമാനമായില്ലെന്നു പാർട്ടി സെക്രട്ടറി തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ പാർട്ടിയെ നയിക്കുന്നത് ആര് എന്നതിനെച്ചൊല്ലി പാർട്ടിയിൽ പുതിയ ബലാബലം. സംസ്ഥാന സമ്മേളന ചർച്ചകളുമായി ബന്ധപ്പെട്ട് അലയൊലികൾ ഉയർന്നു തുടങ്ങി. പുതിയ നേതൃത്വം ഇവിടെ തിരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും സമ്മേളന ചർച്ചകൾ ഭാവി തീരുമാനങ്ങളെ സ്വാധീനിക്കും. എന്നാൽ പിണറായി ബാറ്റൺ കൈമാറിക്കഴിഞ്ഞാൽ അത് സ്വീകരിക്കാൻ പര്യാപ്തമായ കരങ്ങൾ ഏതെന്ന കാര്യത്തിൽ ആകാംഷയിലാണ് അണികൾ.
കൊലപാതകം നിൽക്കെക്കള്ളിയില്ലാതെ ചെയ്തത്!!, ചുറ്റിക വാങ്ങിയത് കൊണ്ടു നടക്കാൻ എളുപ്പത്തിന്, ഉമ്മ സഹോദരിയുടെ കയ്യിൽനിന്ന് 30 പവൻ സ്വർണം, വീടിന്റെ ആധാരവും വാങ്ങി പണയംവച്ചു, പിതാവിന്റെ സഹോദരന്റെ കയ്യിൽനിന്നും 10 ലക്ഷം രൂപ വാങ്ങി- അഫാൻ, 70 ലക്ഷത്തിന്റെ കടം സ്ഥിരീകരിച്ച് പോലീസ്
പിണറായി അല്ല, കൂട്ടായ നേതൃത്വമാകും നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുക എന്നു സമ്മേളനത്തിനു തൊട്ടുമുൻപു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തുറന്നു പറഞ്ഞതോടെയാണ്, പകരം ആര് എന്ന ചോദ്യം പാർട്ടിക്കകത്തും അണികൾക്കിടയിലും ഉയർന്നുവന്നത്. അതോടൊപ്പം പിണറായി മത്സരിക്കുമോ എന്നതു പോലും തീരുമാനിച്ചില്ലെന്നു കഴിഞ്ഞ ദിവസം അദ്ദേഹം ആവർത്തിച്ചു. പിണറായി മാറിനിൽക്കാനിടയുള്ള സാഹചര്യം സംസ്ഥാന സെക്രട്ടറി തന്നെ തള്ളിക്കളയുന്നില്ലെന്നു വന്നതോടെയാണ് ആ ചർച്ചകൾക്കു കൂടുതൽ ഗൗരവം വന്നത്. അതോടെ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തെ ശക്തമായി പിന്താങ്ങി വാദഗതികളും ഉയർന്നു.
ചില വിമർശനങ്ങളിൽ മുഖ്യമന്ത്രിയെ ഒഴിച്ചുനിർത്തിയും പ്രശംസകളാൽ അദ്ദേഹത്തെ മൂടിയുമുള്ള അഭിപ്രായപ്രകടനങ്ങൾ സമ്മേളനത്തിനിടയിൽ ഉയർന്നുവന്നത് കേവലമൊരു യാദൃച്ഛികമെന്നു കരുതാൻ കഴിയില്ല. അതേസമയം തന്നെ പാർട്ടിയിലെയും ഭരണത്തിലെയും ‘കണ്ണൂർ ആധിപത്യ’ത്തിനെതിരെ മുറുമുറുപ്പ് പ്രകടമായി. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുമ്പോഴും പ്രതിരോധിക്കാൻ ഒരു വിഭാഗം മന്ത്രിമാർ തയാറാകുന്നില്ലെന്നു പറഞ്ഞും ഒരു വിഭാഗം രംഗത്തെത്തി.
അതേസമയം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി മത്സരിക്കാനിടയില്ലെന്നും പകരം പ്രചാരണം മുന്നിൽ നിന്ന് നയിക്കുമെന്നും ഉള്ള സൂചനകളാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്നത്. എന്നാൽ എൽഡിഎഫ് ജയിച്ചാൽ മത്സരിക്കാതെ തന്നെ പിണറായി മുഖ്യമന്ത്രിയാകാനുള്ള സാധ്യത പോലും അക്കൂട്ടർ കാണുന്നു. തോറ്റാൽ പ്രതിപക്ഷ നേതാവായോ, എംഎൽഎ മാത്രമായോ തുടരാൻ അദ്ദേഹത്തിനു താൽപര്യം ഉണ്ടാകാനിടയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ പിണറായി മത്സരിക്കാത്ത സാഹചര്യം ഉണ്ടായാൽ നിയമസഭാ ടീമിനെ നയിക്കാൻ പര്യാപ്തമായ ഒരു നേതാവിനെ നിയോഗിക്കേണ്ടി വരും.
പൊളിറ്റ്ബ്യൂറോ അംഗങ്ങളെന്ന നിലയ്ക്ക് എം.എ. ബേബി, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ എന്നിവർക്കാണു സംഘടനാ ശ്രേണി അനുസരിച്ചുള്ള ആദ്യ സാധ്യതകൾ. എന്നാൽ ഈ മുതിർന്ന നേതാക്കൾക്കു പകരം പുതുതലമുറ നേതൃത്വത്തിലേക്കു ബാറ്റൺ കൈമാറേണ്ട സമയമായെന്ന വാദവും പാർട്ടിയിലുണ്ട്. ഈ രണ്ടു സാധ്യതകളെ കേന്ദ്രീകരിച്ചുള്ള ബലാബലമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ പിണറായി മത്സരിക്കുമോ ഇല്ലയോ എന്നതു സിപിഎമ്മിൽ വരും ദിവസങ്ങളിൽ നിർണായകമായ ചോദ്യമായി മാറും.
അതിനിടെ, തുടർഭരണത്തിന്റെ കാര്യത്തിൽ അമിത ആത്മവിശ്വാസം പാടില്ലെന്ന പിബി അംഗം എംഎ ബേബിയുടെ പ്രതികരണത്തെ കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പിന്തുണച്ചു. തുടർഭരണത്തിനു വേണ്ടി പരിശ്രമിക്കാൻ പോകുകയാണെന്നും തുടർഭരണം കിട്ടി എന്നൊന്നും ഗാരന്റി ഇല്ലെന്നും ഐസക് പറഞ്ഞു.