കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം ആരംഭിച്ച സമയം മുതൽ പലരും അന്വേഷിച്ചതായിരുന്നു സ്ഥലം എംഎൽഎ എവിടെയെന്ന്. ഒടുവിൽ സമ്മേളന വേദിയിൽ മുകേഷ് എത്തി. ജോലി തിരക്കുണ്ടായിരുന്നതിനാലാണ് രണ്ട് ദിവസം സമ്മേളനത്തിൽ എത്താതിരുന്നതെന്ന് മുകേഷ് പറഞ്ഞു. തനിക്ക് വിലക്കൊന്നുമില്ല. താൻ പാർട്ടി അംഗമല്ലെന്നും സമ്മേളനത്തിൽ പ്രതിനിധി അല്ലെന്നുമായിരുന്നു മുകേഷിന്റെ മറുപടി.
സ്വന്തം നാട്ടിൽ, സ്വന്തം പാർട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുന്ന വേദിയിൽ പാർട്ടി എംഎൽഎയായ മുകേഷ് ഇല്ലാത്തതിനെ കുറിച്ചുള്ള ചർച്ചകൾ പല കോണുകളിൽ നിന്നുമുയർന്നിരുന്നു. കൊല്ലം എംഎൽഎ എന്ന നിലയിൽ മുഖ്യ സംഘാടകരിൽ ഒരാൾ ആകേണ്ടയാളായിരുന്നു മുകേഷ്. സംസ്ഥാന സമ്മേളന പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടന സെഷനിൽ മുകേഷിനു പങ്കെടുക്കാമായിരുന്നു. എന്നാൽ ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷിനെ പാർട്ടി മാറ്റിനിർത്തിയെന്ന ആരോപണങ്ങളുയർന്നു. ഇത് വലിയ ചർച്ചയായപ്പോഴാണ് പാർട്ടി ഇടപെട്ട് മുകേഷിനോട് കൊല്ലത്തേക്ക് എത്താൻ ആവശ്യപ്പെട്ടത്.
അതേസമയം ഷൂട്ടിങ് തിരക്കിലായതിനാൽ മുകേഷ് സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ ഇക്കാര്യം കൊല്ലത്തെ സിപിഎം നേതാക്കൾ ആരും സ്ഥിരീകരിച്ചില്ല. മുകേഷിന് പാർട്ടി അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നുവെന്നാണ് സൂചന.
മുകേഷ് എവിടെയെന്ന് നിങ്ങൾ തിരക്കിയാൽ മതിയെന്നായിരുന്നു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. ആരൊക്കെ എവിടെയെന്ന് എനിക്ക് എങ്ങനെ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് മുകേഷിനു വിലക്കേർപ്പെടുത്തിയെന്ന സംശയം ബലപ്പെട്ടത്.