തിരുവനന്തപുരം: നേമത്ത് മത്സരിക്കാൻ തയാറാണോ എന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ വെല്ലുവിളിക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ രംഗത്ത്. നേമത്ത് ശിവൻകുട്ടിക്കെതിരെ മത്സരിക്കാൻ താൻ ആളല്ലെന്നും എൽഡിഎഫിന്റെ ചങ്ക് തുളച്ചു പോകുന്ന പൊളിറ്റിക്കൽ നരേറ്റീവുകൾ ഇപ്പോഴുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിൽനിന്നു വഴിമാറ്റികൊണ്ടുപോകാനുള്ള ശ്രമമാണിതെന്നും അതിൽ താൻ വീഴില്ലെന്നും സതീശൻ പറഞ്ഞു.
ശിവൻകുട്ടി സംസ്‌കാരവും നിലവാരവും ഉള്ളയാളാണ്. അദ്ദേഹത്തോട് മറുപടി പറയാനില്ല. അദ്ദേഹത്തിന്റെയത്ര സംസ്‌കാരവും നിലവാരവും തനിക്കില്ലെന്നും സതീശൻ പരിഹസിച്ചു. എകെജി സെന്ററിൽനിന്നും മന്ത്രിയുടെ ഓഫിസിൽനിന്നും ദിവസവും പത്തു കാർഡുകൾ വീതമാണ് എനിക്കെതിരെ ഇറക്കുന്നത്. എന്തെല്ലാം ദുഷ്പ്രചാരണമാണ് ദിവസവും നടത്തുന്നതെന്നും വിഡി സതീശൻ പ്രതികരിച്ചു.
ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നുവെന്ന് ബജറ്റ് പ്രതികരണത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞതിനെ മന്ത്രി വി.ശിവൻകുട്ടി വിമർശിച്ചിരുന്നു. ബജറ്റ് പ്രസംഗം നടക്കുമ്പോൾ പ്രതിപക്ഷനേതാവ് അസ്വസ്ഥനാവുകയായിരുന്നു. ഈ സർക്കാരിന്റെ കാലയളവിൽ ഒരൊറ്റ ക്ഷേമപ്രവർത്തനങ്ങൾ പോലും മുടങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ കാറിന് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ? അലവൻസ് മുടങ്ങിയോ എന്നും മന്ത്രി ചോദിച്ചിരുന്നു.















































