കൊച്ചി: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻറെ വിയോഗത്തിൽ ഫേസ്ബുക്കിൽ ഹൃദയഹാരിയായ കുറിപ്പുമായി തൃക്കാക്കര എംഎൽഎ ഉമ തോമസ്. “കാപ്പൻ ചേട്ടൻ പോയി.. എന്നുവെച്ചാൽ ശരീരത്തിൻറെ ഒരു ഭാഗം പോയി എന്നർത്ഥം.” – ഉമ തോമസിന്റെ ആ കുറിപ്പുകളിൽ നിന്നുതന്നെയറിയാം ഡിജോ കാപ്പൻ എന്ന മനുഷ്യനുമായി പിടി തോമസിന്റെ കുടുംബത്തിനുണ്ടായിരുന്ന അടുപ്പം. ജീവിതത്തിലുടനീളം പി ടിയുടെ തുണയായിരുന്നയാളാണ്. പി ടീ, ദേ…. കാപ്പൻ ചേട്ടൻ വരുന്നു… നിങ്ങൾ ഇനിയും പരസ്പരം തുണയാവുക എന്ന് കുറിച്ചാണ് ഉമ തോമസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഉമാ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-
കാപ്പൻ ചേട്ടൻ പോയി..
എന്നുവച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നർത്ഥം.
വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കാണാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലർച്ചെ കാപ്പൻ ചേട്ടൻ.
ചെരിപ്പ് ആക്സിലേറ്ററിൽ കുരുങ്ങിയുണ്ടായ വാഹനാപകടം.
ഒക്ടോബർ മുതൽ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യൻ
തളർന്നു കിടന്നത്.
ജീവിതത്തിലുടനീളം
പി ടിയുടെ തുണയായിരുന്നയാൾ.
തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്.
ഡിജോ കാപ്പൻ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ.
പി ടീ,
ദേ…. കാപ്പൻ ചേട്ടൻ വരുന്നു..
നിങ്ങൾ ഇനിയും പരസ്പരം തുണയാവുക..
അതേസമയം ആറുമാസം മുൻപ് തിരുവനന്തപുരത്തെ തന്റെ ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിൽ വാഹനാപകടത്തെത്തുടർന്നാണ് അദ്ദേഹം ചികിത്സയിലായിരുന്നത്. ഫ്ലാറ്റിലെ പാർക്കിങ്ങിൽ നിന്ന് കാർ പുറത്തെടുക്കുന്നതിനിടെയുണ്ടായ യന്ത്രതകരാർ മൂലം വാഹനം അതിവേഗം മുന്നോട്ട് നീങ്ങി മതിലിലിടിക്കുകയായിരുന്നു. സ്റ്റിയറിങ്ങിനും സീറ്റിനും ഇടയിൽ ഞരുങ്ങിപ്പോയ അദ്ദേഹത്തിന് ആ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി പാലായിലെ ആശുപത്രിയിൽ തീവ്രപരിചരണത്തിലായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി സാധാരണക്കാരുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തിയിരുന്ന അദ്ദേഹം സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന്റെ ട്രസ്റ്റിയായിരുന്നു. കേരള കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗത്തിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റായിരുന്നു. കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായിട്ടുണ്ട്. പിന്നീട് കേരള കോൺഗ്രസ് മാണി വിഭാഗത്തിലും ബാലകൃഷ്ണ പിള്ള വിഭാഗത്തിലും പ്രവർത്തിച്ചു. പിന്നീട് പൊതുപ്രവർത്തനരംഗത്ത് സജീവമായി. ബസ് പാസഞ്ചേഴ്‌സ് അസോസിയഷൻ, കെ.എസ്.ഇ.ബി ഉപഭോക്തൃ അസോസിയേഷൻ എന്നിവയ്ക്ക് നേതൃത്വം കൊടുത്തു. കേരള യൂണിവേഴ്‌സിറ്റി അസി. രജിസ്ട്രാർ ഡോ. മിനി കാപ്പനാണ് ഭാര്യ. മക്കൾ: അശ്വിൻ ഡി കാപ്പൻ (അയർലൻഡ്), മരിയറ്റ കാപ്പൻ (ഗവേഷക വിദ്യാർഥി, കേരള യൂണിവേഴ്സിറ്റി), എഡ്വിൻ ഡി കാപ്പൻ (യു.കെ).


















































