കോഴിക്കോട്: കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ കിണറ്റിൽവീണ കള്ളനെ പുറത്തെത്തിച്ചു. കൊയിലാണ്ടി നന്തിയിൽ കുഞ്ഞബ്ദുള്ളയുടെ കിണറ്റിലാണ് അസം സ്വദേശിയായ അഗസ്റ്റിൻ ബിർള (26) വീണത്. അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ പുറത്തെടുത്തത്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിലെ ആവശ്യങ്ങൾക്കായി വെള്ളം കോരാനായി എത്തിയപ്പോഴാണ് കിണറ്റിനുള്ളിൽ ആളനക്കം കേട്ടത്. കിണറിന് മുകളിലുള്ള ഗ്രില്ല് മാറിക്കിടക്കുന്നതും ശ്രദ്ധയിൽപെട്ടു. പിന്നാലെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ പുറത്തെത്തിച്ചത്. 22 അടി താഴ്ചയുള്ള കിണറാണിത്.
കിണറിനോട് ചേർന്നുള്ള കുളിമുറിയിലൂടെ വീടിനകത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ പരിസരത്തെ മറ്റേതെങ്കിലും വീടുകളിൽ മോഷണശ്രമം നടത്തിയിരുന്നോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടുകാർ ഇതുവരെയും പോലീസിൽ പരാതി നൽകിയിട്ടില്ല.


















































